പ്രതികാരവുമായി സർക്കാർ; ബാറുടമകളുടെ വീട്ടിൽ റെയ്ഡ്; ആഷിഖ് അബുവിനെതിരെ അപവാദം

അഴിമതി ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന ഉമ്മൻചാണ്ടി സർക്കാർ തങ്ങൾക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ട്. കോഴ ആരോപണം ഉന്നയിച്ച ബാറുടമകൾക്കെതിരെ എൻഫോഴ്സ്മെന്റ് റെയ്ഡ് ഉൾപ്പെടെ തുടരുകയാണ്.
 | 

പ്രതികാരവുമായി സർക്കാർ; ബാറുടമകളുടെ വീട്ടിൽ റെയ്ഡ്; ആഷിഖ് അബുവിനെതിരെ അപവാദം
കൊച്ചി:
അഴിമതി ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന ഉമ്മൻചാണ്ടി സർക്കാർ തങ്ങൾക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ പ്രതികാര നടപടികളുമായി മുന്നോട്ട്. കോഴ ആരോപണം ഉന്നയിച്ച ബാറുടമകൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് ഉൾപ്പെടെ തുടരുകയാണ്. സർക്കാരിനെ പ്രതിസന്ധിയിലാക്കി സോഷ്യൽ മീഡിയയിലൂടെ പ്രതികരണം നടത്തിയ ആഷിഖ് അബുവിനെതിരെ സർക്കാർ അനുകൂല മാധ്യമങ്ങളുടെ വകയായി അപവാദ പ്രചരണവും തകൃതിയായി നടക്കുകയാണ്.

കോഴ വിവാദവുമായി ബന്ധപ്പെട്ട് എലഗൻസ് ഗ്രൂപ്പിന്റെ ഹോട്ടലുകളിലും ബാറുകളിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടത്തിയത്. എലഗൻസ് ഗ്രൂപ്പ് ഉടമ ബിനോയി അടക്കമുള്ളവർ കെ.എം മാണിയെ കണ്ട് കോഴ നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണിത്. ഒൻപത് ബാറുകൾ ഉൾപ്പെടെ ഇരുപത്തിയഞ്ച് കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.

ബാറുകളിൽ നടത്തിയ റെയ്ഡിൽ കണക്കിൽ പെടാത്ത 18 കോടിയോളം രൂപ കണ്ടെടുത്തതായാണ് പത്രങ്ങളിലൂടെ പുറത്ത് വരുന്ന വിവരങ്ങൾ. മാണിക്ക് കൊടുക്കാനുള്ള പണം കൊല്ലത്തെ വ്യവസായിയായ സുനിൽ സ്വാമിയുടെ പക്കൽ നിന്നും പലിശയ്ക്ക് എടുത്തതാണെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. സുനിൽ സ്വാമിയുടെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു.

കോഴ ആരോപണത്തിൽ മാണിയെ ഏറ്റവും പ്രതിസന്ധിയിലാക്കിയത് പ്രതിപക്ഷത്തേക്കാൾ, സംവിധായകൻ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. ഇതിനെ തുടർന്ന് #entevaka500 എന്ന ഹാഷ് ടാഗ് രൂപപ്പെട്ടതോടെ മാണിക്കെതിരെ സോഷ്യൽമീഡിയ ഒന്നടങ്കമിറങ്ങി. ന്യൂജറേഷൻ സിനിമക്കാർ സിനിമയെടുക്കുന്നതും കഥയെഴുതുന്നതും ഉറങ്ങുന്നതും വരെ ലഹരി മരുന്നിന്റെ സഹായത്താലാണ് എന്ന പൊതുബോധം മുതലെടുത്ത് സർക്കാർ അനുകൂല മാധ്യമങ്ങൾ കളി തുടങ്ങി.

നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കേസിൽ ആഷിഖിനെയും ഫഹദിനെയും റിമയെയും ഉൾപ്പെടുത്തി അന്വേഷണം നടത്തുമെന്ന പ്രചരണം മംഗളം ഉൾപ്പെടെയുള്ള പത്രങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. സ്ഥിരീകരണമില്ലാത്ത ഈ വാർത്ത ചില ഓൺലെൻ പോർട്ടലുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചില ഓൺലൈൻ മാധ്യമങ്ങൾ ചോദ്യ ചിഹ്നമിട്ട് നൽകിയ വാർത്ത ഇന്ന് മംഗളം കൊടുത്തപ്പോൾ ഞെട്ടിക്കുന്ന ക്ലൈമാക്‌സ് എന്ന വാക്കോടെ സംഭവം അങ്ങ് ഉറപ്പിച്ചു. കൊച്ചി സിറ്റി പോലീസ് ആഷിഖിനെ ചോദ്യം ചെയ്യുമെന്ന വാർത്ത നിഷേധിച്ചിട്ടുണ്ട്. എന്നിട്ടും സോഷ്യൽ മീഡിയ പ്രചരണം നിലച്ചിട്ടില്ല.