നയപ്രഖ്യാപനത്തിൽ വിയോജിപ്പ് അറിയിച്ച്​ ​ഗവർണർ; സിഎഎ പരാമർശങ്ങൾ മാറ്റണമെന്ന് ആവശ്യം

സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ വിയോജിപ്പ് അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
 | 
നയപ്രഖ്യാപനത്തിൽ വിയോജിപ്പ് അറിയിച്ച്​ ​ഗവർണർ; സിഎഎ പരാമർശങ്ങൾ മാറ്റണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസം​ഗത്തിൽ വിയോജിപ്പ് അറിയിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ നിയമ ഭേദ​ഗതിയുമായി ബന്ധപ്പെട്ട് പ്രസം​ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പരാമർശങ്ങളിലാണ് ​ഗവർണർ വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. കോടതിക്ക് മുമ്പാകെയുള്ള വിഷയം സഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ വരുന്ന ഭാഗം പ്രസംഗത്തില്‍ നിന്ന് മാറ്റണമെന്നും ​ഗവർണർ സർക്കാരിനോട് ആവശ്യപ്പെടും.

പൗരത്വ നിയമ ഭേദ​ഗതി പരാമർശങ്ങൾ മാറ്റിയില്ലെങ്കിൽ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് ​ഗവർണർ നിയമോപദേശം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ്‌ നയപ്രഖ്യാപന പ്രംഗത്തിന്റെ കോപ്പി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട്‌ നിയമസയില്‍ പ്രമേയം പാസാക്കിയത്, സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍, കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്ന് മാറ്റണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.

സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയുടെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നത് ചട്ടലംഘനമാണെന്നാണ് ഗവര്‍ണര്‍ പറയുന്നത്. വിഷയത്തിലുള്ള വിയോജിപ്പ് ചീഫ് സെക്രട്ടറിയെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.