നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ പോലീസുകാരെ വിചാരണ കൂടാതെ പിരിച്ചുവിടാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില് പ്രതികളായ പോലീസുകാരെ വിചാരണ കൂടാതെ പിരിച്ചുവിടാനുള്ള ശുപാര്ശയ്ക്ക് സര്ക്കാരിന്റെ അംഗീകാരം.
 | 
നെടുങ്കണ്ടം കസ്റ്റഡി മരണം; പ്രതികളായ പോലീസുകാരെ വിചാരണ കൂടാതെ പിരിച്ചുവിടാനുള്ള ശുപാര്‍ശയ്ക്ക് അംഗീകാരം

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികളായ പോലീസുകാരെ വിചാരണ കൂടാതെ പിരിച്ചുവിടാനുള്ള ശുപാര്‍ശയ്ക്ക് സര്‍ക്കാരിന്റെ അംഗീകാരം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ശുപാര്‍ശ അംഗീകരിച്ചത്. കസ്റ്റഡി മരണത്തില്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് ഈ ശുപാര്‍ശ നല്‍കിയത്. പോലീസ് സംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് മന്ത്രിസഭയുടെ തീരുമാനം.

ഭരണഘടനയുടെ 311(2) അനുച്ഛേദം അനുസരിച്ചാണ് പോലീസുകാരെ പിരിച്ചുവിടാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. അനധികൃതമായി കസ്റ്റഡിയില്‍ എടുത്ത് നെടുങ്കണ്ടം പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതാണ് രാജ്കുമാറിന്റെ മരണകാരണം. കേസില്‍ നഗ്നമായ നിയമലംഘനങ്ങള്‍ നടന്നു. രാജ്കുമാറിനൊപ്പം കസ്റ്റഡിയില്‍ എടുത്ത സ്ത്രീകളെ വിലങ്ങുവെച്ച് റോഡിലൂടെ നടത്തിച്ചു. കേസില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ കമ്മീഷനുമായി സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൃതദേഹത്തില്‍ ആദ്യം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ജയില്‍, ആശുപത്രി ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഒന്നര വര്‍ഷത്തോളം നീണ്ട അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷമാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.