ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തും; നടപടി വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ

ജേക്കബിനെതിരായ നടപടി സംബന്ധിച്ച പൊതുഭരണ വകുപ്പ് നല്കിയ നിര്ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് സൂചന.
 | 
ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തും; നടപടി വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയാക്കി തരംതാഴ്ത്തും. ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരന്തരം ആവര്‍ത്തിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു ഉന്നത ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തരംതാഴ്ത്തപ്പെടുന്നത്. മെയ് 31ന് ജേക്കബ് തോമസ് വിരമിക്കാനിരിക്കെയാണ് നടപടി. ജേക്കബിനെതിരായ നടപടി സംബന്ധിച്ച പൊതുഭരണ വകുപ്പ് നല്‍കിയ നിര്‍ദേശം മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചതായാണ് സൂചന.

അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ നടപടി കേന്ദ്രം അംഗീകരിച്ചാലെ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകു. നിരന്തരമായി ചട്ടംലംഘനങ്ങള്‍ നടത്തുക, കേസില്‍ ഉള്‍പ്പെടുക തുടങ്ങിയ കാരണങ്ങളാണ് നടപടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സര്‍ക്കാരിന്റെ അനുവാദമില്ലാതെ പുസ്തകം എഴുതിയ ജേക്കബിനെ ദീര്‍ഘകാലം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഓഖി ദുരന്ത സമയത്ത് സര്‍ക്കാരിനെ വിമര്‍ശിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടാന്‍ കാരണമായി. 2017 മുതല്‍ സസ്പെന്‍ഷനിലായിരുന്ന അദ്ദേഹം 2019 അവസാനത്തോടെയാണ് സര്‍വീസിലേക്ക് തിരികെയെത്തുന്നത്. നിലവില്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എംഡിയാണ്. സര്‍ക്കാരിന്റെ നടപടിയോട് ജേക്കബ് പ്രതികരിച്ചിട്ടില്ല.