കവളപ്പാറയില്‍ ജിപിആര്‍ എത്തിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

കവളപ്പാറയില് മൃതദേഹങ്ങള് കണ്ടെത്തുന്നതിനായി ജിപിആര് എത്തിച്ചു.
 | 
കവളപ്പാറയില്‍ ജിപിആര്‍ എത്തിച്ചു; മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

മലപ്പുറം: കവളപ്പാറയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി ജിപിആര്‍ എത്തിച്ചു. ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ എന്ന ഈ ഉപകരണം ഉപയോഗിച്ച് വിദഗ്ദ്ധര്‍ ഇന്ന് തെരച്ചില്‍ നടത്തും. ഭൂമിക്കടിയില്‍ 20 മീറ്റര്‍ താഴ്ചയില്‍ വരെ തെരച്ചില്‍ നടത്താന്‍ കഴിവുള്ള ഉപകരണമാണ് ജിപിആര്‍. ഹൈദരാബാദിലെ നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഇത് എത്തിച്ചിരിക്കുന്നത്.

രണ്ട് ഉപകരണങ്ങളാണ് കവളപ്പാറയില്‍ എത്തിച്ചിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ആനന്ദ് കെ.പാണ്ഡേയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ സീനിയര്‍ റിസര്‍ച്ച് ഫെലോ ജോണ്ടി ഗോഗോയ്, ജൂനിയര്‍ റിസര്‍ച്ച് ഫെലോകളായ സഞ്ജീവ് കുമാര്‍ ഗുപ്ത, സതീഷ് വര്‍മ, രത്‌നാകര്‍ ദാക്തെ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ദിനേശ് കെ.സഹദേവന്‍ എന്നിവരാണുള്ളത്.

പുത്തുമലയില്‍ നാളെ ജിപിആര്‍ എത്തിച്ച് തെരച്ചില്‍ നടത്താനാണ് പദ്ധതി. ഇപ്പോള്‍ ബന്ധുക്കള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ മാപ്പ് തയ്യാറാക്കിയാണ് ഇവിടെ തെരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ ആറ് ദിവസമായി ഇവിടെ നിന്ന് മൃതദേഹങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഏഴു പേരെ ഇനിയും ഇവിടെ നിന്ന് കണ്ടെത്താനുണ്ട്.