റീമയെ തെറിവിളിക്കാന്‍ നിങ്ങള്‍ക്കാരാണ് സ്വാതന്ത്ര്യം തന്നത്; വിമര്‍ശനവുമായി ഹരീഷ് പേരടി

തൃശൂര് പൂരം ആണ് ആഘോഷങ്ങളുടെ ഭാഗം മാത്രമാണെന്നായിരുന്നു റീമയുടെ വിമര്ശനം.
 | 
റീമയെ തെറിവിളിക്കാന്‍ നിങ്ങള്‍ക്കാരാണ് സ്വാതന്ത്ര്യം തന്നത്; വിമര്‍ശനവുമായി ഹരീഷ് പേരടി

കൊച്ചി: സൈബര്‍ ആക്രമണം നേരിടുന്ന നടി റീമ കല്ലിങ്കലിന് പിന്തുണയുമായി സഹപ്രവര്‍ത്തകന്‍ ഹരീഷ് പേരടി. റീമ കല്ലിങ്കലിനെ തെറിവിളിക്കാന്‍ ആരാണ് നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തന്നതെന്ന് ഹരീഷ് ചോദിച്ചു. തൃശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നില്ല. എങ്കിലും റീമയ്ക്ക് അത് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മാന്യമായ വിമര്‍ശനങ്ങളും ട്രോളുകളും ആവാം പക്ഷേ അവരെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്ക് ആര് തന്നുവെന്ന് ഹരീഷ് ചോദിക്കുന്നു. തൃശൂര്‍ പൂരം ആണ്‍ ആഘോഷങ്ങളുടെ ഭാഗം മാത്രമാണെന്നായിരുന്നു റീമയുടെ വിമര്‍ശനം. പിന്നാലെ താരത്തിനെതിരെ സൈബര്‍ ആക്രമണവുമുണ്ടായത്.

‘തൃശൂര്‍ പൂരം ആണുങ്ങളുടെ പൂരമാണെന്ന് റീമ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നില്ലാ… പക്ഷെ അങ്ങിനെ ഒരു അഭിപ്രായം പറയാനുള്ള എല്ലാ സ്വാതന്ത്ര്യവും ആ കുട്ടിക്കുണ്ട് … ആ അഭിപ്രായത്തോടുള്ള വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയില്‍ രേഖപെടുത്താം… വേണമെങ്കില്‍ കളിയാക്കാം (ട്രോളാം) … പക്ഷെ ഇങ്ങിനെ തെറി വിളിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കാരാണ് തന്നത് … സ്പീഡ് കൂടിയാല്‍, സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍, പൊതുസ്ഥലത്ത് പുകവലിച്ചാല്‍ എല്ലാം നിയമം മുന്നില്‍ വന്ന് നില്‍ക്കുന്ന ഒരു നാട്ടില്‍ സോഷ്യല്‍ മീഡിയയിലെ ഒരു പെണ്‍കുട്ടിക്ക് നേരെയുള്ള തെറി വിളി അവസാനിപ്പിച്ചേ പറ്റു…ഒരു ഇടതു പക്ഷ സര്‍ക്കാറിന് അതില്‍ ക്യത്യമായ ഉത്തരവാദിത്വമുണ്ട്… ഞാന്‍ പലപ്പോഴും കളിയാക്കിയിട്ടുണ്ടെങ്കിലും അവളെന്റെ അനിയത്തി കുട്ടി തന്നെയാണ്…’ ഹരീഷ് പേരടി ഫെയിസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലായിരുന്നു തൃശൂർ പൂരത്തിനെതിരെ വിമർശനവുമായി റീമ രം​ഗത്ത് വന്നത്. തൃശ്ശൂര്‍ പൂരം ആണുങ്ങളുടെ മാത്രം പൂരമാണ്. ഭയങ്കര കഷ്ടമാണത്. വിദേശത്തൊക്കെ വലിയ വലിയ ആഘോഷങ്ങള്‍ നടക്കുമ്പോള്‍ അവിടെ ആണുങ്ങള്‍ മാത്രമാണോ, പെണ്ണുങ്ങളും വരുന്നില്ലേ? അതുപോലെ നമുക്കിവിടെ തുടങ്ങാം. ഒരു പ്രശ്‌നമുണ്ട്. തിരക്കു കാരണമാണ് സ്ത്രീകളില്‍ പലരും പോകേണ്ടെന്നു തീരുമാനിക്കുന്നത്. എങ്കിലും അമ്പലങ്ങളിലാണെങ്കിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചു ചേരുമ്പോഴല്ലേ രസം? അപ്പോഴല്ലേ ഒരുമയുള്ളൂ? ആണുങ്ങള്‍ മാത്രം പോയിട്ടെന്തു കാര്യം? ആഘോഷത്തില്‍ എല്ലാവരും ഒന്നിക്കുക എന്നത് നടക്കുന്നില്ലിവിടെ. കാരണം ആണുങ്ങള്‍ മാത്രമാണ് വരുന്നത്. എന്നായിരുന്നു റീമയു‍ടെ പ്രസ്താവന.