എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മുഖ്യമന്ത്രിയുടെ മുന് പ്രിന്സിപ്പല് സെക്രട്ടറി എം.ശിവശങ്കറിന്റെ മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
 | 
എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലായിരുന്നു ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും കസ്റ്റംസിന്റെയും വാദങ്ങള്‍ അംഗീകരിച്ചു കൊണ്ടാണ് കോടതി നടപടി. സ്വാധീന ശക്തിയുള്ള ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു രണ്ട് അന്വേഷണ ഏജന്‍സികളും വാദിച്ചത്.

ശിവശങ്കര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും അതിനാല്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്നും കസ്റ്റംസ് അറിയിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദമാണ് എന്‍ഫോഴ്‌സ്‌മെന്റും കോടതിയില്‍ ഉന്നയിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് കേസിലാണ് ശിവശങ്കര്‍ ആദ്യം മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്. ഇതില്‍ 23-ാം തിയതി വരെ അറസ്റ്റ് തടഞ്ഞ് ഉത്തരവായിരുന്നു.

എന്നാല്‍ തൊട്ടു പിന്നാലെ കസ്റ്റംസ് ശിവശങ്കറിനെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയി. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ വഞ്ചിയൂരില്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് ശിവശങ്കര്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനാല്‍ ശിവശങ്കറിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് വിവരമുണ്ട്. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ശിവശങ്കറിന് കഴിയും.