ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേയില്ല; സ്വകാര്യ ലാബുകളുടെ ഹര്‍ജി തള്ളി

സംസ്ഥാനത്ത് ആര്ടിപിസിആര് പരിശോധനാ നിരക്ക് കുറച്ച സര്ക്കാര് ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി.
 | 
ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേയില്ല; സ്വകാര്യ ലാബുകളുടെ ഹര്‍ജി തള്ളി

സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലബോറട്ടറികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതേ നിരക്കാണ് ഈടാക്കുന്നതെന്നും നിരക്ക് നിശ്ചയിച്ചത് വിശദമായ പരിശോധനയ്ക്ക് ശേഷമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ ഈ വിശദീകരണത്തിന് പിന്നാലെയാണ് ലബോറട്ടറികളുടെ ഹര്‍ജി കോടതി തള്ളിയത്. പുതിയ നിരക്കില്‍ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ ലാബുകളെ നിര്‍ബന്ധിക്കുകയാണെന്നും ദുരന്തനിവാരണ നിയമം അനുസരിച്ച് ലാബുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് വിലക്കണമെന്നും ലാബുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജസ്റ്റിസ് എന്‍. നഗരേഷിന്റെ ബെഞ്ച് ഈ ആവശ്യവും നിരസിച്ചു.

സംസ്ഥാനത്ത് സ്വകാര്യ ലാബുകളില്‍ 1700 രൂപയായിരുന്നു ആര്‍ടിപിസിആര്‍ പരിശോധയ്ക്ക് ഈടാക്കിയിരുന്നത്. ഇത് 500 രൂപയാക്കി കുറച്ചു കൊണ്ട് കഴിഞ്ഞയാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ ലാബുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.