ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം തടയാനാവില്ലെന്ന് ഹൈക്കോടതി

ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം തടയാനാവില്ലെന്ന് ഹൈക്കോടതി
 | 
ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം തടയാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം തടയാനാവില്ലെന്ന് ഹൈക്കോടതി. ഈ ഘട്ടത്തില്‍ സിബിഐ അന്വേഷണം തടയുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്ന് ലൈഫ് സിഇഒയ്ക്ക് കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടുത്ത വ്യാഴാഴ്ച കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി.

റെഡ് ക്രസന്റും ലൈഫ് മിഷനുമായി ധാരണാപത്രം നിലനില്‍ക്കുന്നുണ്ട്. ഈ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാക്കുമായുള്ള കരാര്‍ ഉണ്ടാകുന്നതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണത്തില്‍ സര്‍ക്കാര്‍ സഹകരിക്കണം. ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് വിദേശ സംഭാവന നിയന്ത്രണ ചട്ടത്തിന്റെ ലംഘനം നടന്നിട്ടുണ്ടെന്നാണ് സിബിഐ എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ സര്‍ക്കാരിന്റെയോ ഹൈക്കോടതിയുടെയോ അനുമതിയില്ലാതെ സിബിഐ കേസെടുത്തതിന് എതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിയമ വ്യവസ്ഥയെ ഇല്ലാതാക്കുന്നതാണ് സിബിഐ എഫ്‌ഐആര്‍ എന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.