റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

പാലാരിവട്ടം മെട്രോ സ്റ്റേഷന് മുന്നില് റോഡിലെ കുഴിയില് വീണ യുവാവ് ലോറി കയറി മരിച്ച സംഭവത്തില് സര്ക്കാരിനെ രൂക്ഷമായി വിമര്ശിച്ച് ഹൈക്കോടതി.
 | 
റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം; സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: പാലാരിവട്ടം മെട്രോ സ്‌റ്റേഷന് മുന്നില്‍ റോഡിലെ കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. കുഴിയടക്കുമെന്ന് പറയുന്നതല്ലാതെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കോടതി പറഞ്ഞു. ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്. സമൂഹത്തിന് വേണ്ടി മരിച്ച യുവാവിന്റെ രക്ഷിതാക്കളോട് മാപ്പ് ചോദിക്കുന്നുവെന്നും കോടതി പറഞ്ഞു.

2008ലെ റോഡപകടവുമായി ബന്ധപ്പെട്ട ഹര്‍ജിയും പാലാരിവട്ടത്തെ അപകടത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയും പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. ചെറു പ്രായത്തിലാണ് ഒരു ജീവന്‍ നഷ്ടമായത്. നാണക്കേടു കൊണ്ട് തലകുനിച്ച പോവുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

റോഡ് നന്നാക്കാന്‍ കോടതി പലതവണ ഉത്തരവിട്ടിട്ടും ഒന്നും നടക്കുന്നില്ല. കാറില്‍ കറങ്ങി നടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണക്കാരന്റെ ബുദ്ധിമുട്ട് മനസ്സിലാവില്ല. ഉദ്യോഗസ്ഥര്‍ക്ക് മേലുള്ള വിശ്വാസം കോടതിക്ക് നഷ്ടമായെന്നും കോടതി പറഞ്ഞു. യുവാവിന്റെ ബന്ധുക്കളോട് ഉദ്യോഗസ്ഥര്‍ മാപ്പ് ചോദിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.