കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

മഞ്ചക്കണ്ടിയില് പോലീസ് വെടിവെയ്പ്പില് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള് സംസ്കരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്.
 | 
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: മഞ്ചക്കണ്ടിയില്‍ പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ഇനി ഒരുത്തരവ് ഉണ്ടാകുന്നത് വരെ സംസ്‌കാരം പാടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പാലക്കാട് സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കൊല്ലപ്പെട്ട കാര്‍ത്തി, മണിവാസകം എന്നിവരുടെ ബന്ധുക്കളാണ് മൃതദേഹങ്ങള്‍ സം്‌സകരിക്കരുതെന്ന ആവശ്യവുമായി പാലക്കാട് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി നാല് ദിവസത്തേക്ക് സംസ്‌കാരം നടത്തുന്നത് സ്‌റ്റേ ചെയ്തു. തിങ്കളാഴ്ച പോലീസ് വാദം സ്വീകരിച്ച് കോടതി സംസ്‌കാരത്തിന് അനുമതി നല്‍കുകയായിരുന്നു. ഇതോടെയാണ് ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്.

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് സംബന്ധിച്ച പുകമറ നീങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു. മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടലിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന ആവശ്യവുമായി ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്.