ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

ഇരുചക്ര വാഹനങ്ങളിലെ പിന്സീറ്റ് യാത്രക്കാര്ക്കും ഹെല്മെറ്റ് നിര്ബന്ധമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി.
 | 
ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

കൊച്ചി: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ ഇനി തുടരാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. നാല് വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന കേന്ദ്ര നിയമം കേരളത്തിലും നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ വരുത്തിയ ഭേദഗതിയനുസരിച്ച് പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ഇത് സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. കേന്ദ്രനിയമം അതേപടി നടപ്പാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിയമം കര്‍ശനമായി നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിന്‍സീറ്റില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ നല്‍കിയിരുന്ന അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്രനിയമത്തിന് അനുസൃതമായി ഉടന്‍ സര്‍ക്കുലര്‍ ഇറക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.