ശബരിമല വിധി; സംസ്ഥാനത്ത് കനത്ത ജാഗ്രത, സോഷ്യല്‍ മീഡിയ നിരീക്ഷണത്തില്‍

ശബരിമല പുനപരിശോധനാ ഹര്ജികളില് ഇന്ന് വിധി പ്രസ്താവിക്കുന്ന സാഹചര്യത്തില് സംസ്ഥാനത്ത് പോലീസിന്റെ ജാഗ്രതാ നിര്ദേശം.
 | 
ശബരിമല വിധി; സംസ്ഥാനത്ത് കനത്ത ജാഗ്രത, സോഷ്യല്‍ മീഡിയ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ ഇന്ന് വിധി പ്രസ്താവിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പോലീസിന്റെ ജാഗ്രതാ നിര്‍ദേശം. അക്രമങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയും പോലീസ് നിരീക്ഷണത്തിലാണ്. യുവതീ പ്രവേശനം അനുവദിച്ച വിധി വന്നതിന് ശേഷം കഴിഞ്ഞ വര്‍ഷം നിരവധി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

രാവിലെ 10.30നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിക്കുക. നാല് റിട്ട് ഹര്‍ജികളിലാണ് ഇന്ന് വിധി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇവയില്‍ വാദം കേട്ട ശേഷം ഹര്‍ജികള്‍ വിധി പറയുന്നതിനായി മാറ്റിയിരിക്കുകയായിരുന്നു. 2018 സെപ്റ്റംബര്‍ 28ലെ വിധി പുനഃപരിശോധിക്കണോ എന്ന വിഷയത്തിലായിരിക്കും വിധി.

പുനഃപരിശോധിക്കാനാണ് വിധിയെങ്കില്‍ നിലവിലുള്ള വിധി റദ്ദാക്കിയേക്കാം. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ ഹര്‍ജിയിലാണ് കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് സുപ്രധാന വിധി പറഞ്ഞത്. പുനഃപരിശോധന വേണമെന്നാണ് കോടതി പറയുന്നതെങ്കില്‍ ഈ ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും.

പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിയാല്‍ പുനഃപരിശോധനയ്ക്കു തക്ക കാരണങ്ങളില്ലെന്ന് കോടതിക്ക് ഉത്തരവിടാം. ഏതാനും വാചകങ്ങളില്‍ ഉത്തരവ് അവസാനിപ്പിക്കുകയോ ഹര്‍ജി തളളിയതിന്റെ കാരണങ്ങള്‍ വിശദീകരിക്കുകയോ ആവാം. ഹര്‍ജികള്‍ തള്ളിയാല്‍ പിഴവ് തിരുത്തല്‍ ഹര്‍ജി മാത്രമേ ഹര്‍ജിക്കാര്‍ക്ക് ഇനി നല്‍കാനാകൂ.