ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനിയുടെ മരണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ക്ലാസ് മുറിയില് വെച്ച് പാമ്പുകടിയേറ്റ വിദ്യാര്ത്ഥിനി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില് ഹൈക്കോടതി സ്വമേധയാ കേസെടുത്തു
 | 
ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനിയുടെ മരണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ വിദ്യാര്‍ത്ഥിനി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ ജഡ്ജി സ്‌കൂളില്‍ പരിശോധന നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ വലിയ പിഴവുണ്ടായെന്നായിരുന്നു ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

സ്‌കൂളില്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ജില്ലാ ജഡ്ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. പരിസരം വൃത്തിഹീനമാണെന്നും ക്ലാസ് മുറിക്കുള്ളില്‍ പാമ്പുകള്‍ക്ക് കയറാന്‍ കഴിയുന്ന വിധത്തില്‍ വലിയ മാളങ്ങള്‍ ഉണ്ടെന്നും ടോയ്‌ലെറ്റുകള്‍ ഉപയോഗശൂന്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിക്കാതെ കഴിഞ്ഞ ഏപ്രിലില്‍ സൂളിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.

കൃത്യമായ പരിശോധന നടത്താതെയാണ് അസിസ്റ്റന്റ് എഞ്ചിനീയര്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റൊന്നും സ്‌കൂളില്‍ നിന്ന് കണ്ടെത്താന്‍ സാധിച്ചില്ലെന്നും ജില്ലാ ജഡ്ജി വ്യക്തമാക്കിയിരുന്നു.