ക്ഷേത്രങ്ങളിലെ സ്വർണ്ണം ബാങ്കുകളിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ഹിന്ദു സംഘടനകൾ

ക്ഷേത്രങ്ങളിലെ സ്വർണ്ണ നിക്ഷേപം ബാങ്കുകളിലേക്കു മാറ്റി വ്യാപാരക്കമ്മി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ ഹിന്ദു സംഘടനകൾ രംഗത്ത്.
 | 
ക്ഷേത്രങ്ങളിലെ സ്വർണ്ണം ബാങ്കുകളിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ ഹിന്ദു സംഘടനകൾ

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ സ്വർണ്ണ നിക്ഷേപം ബാങ്കുകളിലേക്കു മാറ്റി വ്യാപാരക്കമ്മി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരേ ഹിന്ദു സംഘടനകൾ രംഗത്ത്. ആകർഷകമായ പലിശ വാഗ്ദാനങ്ങൾ നൽകി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം പോലെ സമ്പത്തുള്ള ക്ഷേത്രങ്ങളിലെ സ്വർണ്ണം ബാങ്കുകളിലെത്തിക്കാനായിരുന്നു മോഡി സർക്കാരിന്റെ നീക്കം.

ദേവന് വഴിപാടായി നൽകിയതൊന്നും തിരിച്ചെടുക്കാനാവില്ലെന്നായിരുന്നു ശിവസേന കേരള ഘടകത്തിന്റെ തലവൻ ഭുവനചന്ദ്രന്റെ പ്രതികരണം. മൻമോഹൻസിങ് സർക്കാരായിരുന്നു ഈ പദ്ധതിയുമായി ആദ്യമെത്തിയത്. അന്ന് പല്ലും നഖവുമുപയോഗിച്ച് ഇതിനെ എതിർത്ത് ബിജെപി തന്നെ പദ്ധതി വീണ്ടുമുയർത്തിക്കൊണ്ടു വരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഭുവനചന്ദ്രൻ പറഞ്ഞു.
ഭക്തർ നൽകുന്ന വഴിപാടുകൾ ബാങ്കുകളിൽക്കൊണ്ടു വയ്ക്കാനുള്ളതല്ലെന്ന അഭിപ്രായമാണ് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രകടിപ്പിച്ചത്. ഇതിൽ തീരുമാനമെടുക്കാനുള്ള അവകാശം ഹിന്ദു സമൂഹത്തിനാണെന്നും രാജശേഖരൻ പറഞ്ഞു.

എന്നാൽ പ്രധാനമന്ത്രിയുടേത് അവസാന വാക്കാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ അഭിപ്രായം. നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ നയങ്ങൾ പിന്തുടരുകയാണ് വേണ്ടതെന്നും മുരളീധരൻ പറഞ്ഞു.