ക്യാമ്പില്‍ പ്രസവം എടുക്കേണ്ടി വന്നാല്‍ എന്തുചെയ്യണം; വിദഗ്ദ്ധ നിര്‍ദേശങ്ങള്‍ വായിക്കാം

പ്രളയക്കെടുതി കാരണം ദുരിതാശ്വാസ ക്യാംപുകളില് കഴിയുന്ന ഗര്ഭിണികള് വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. പൂര്ണ ഗര്ഭിണിയാമെങ്കില് കഴിവതും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയാണ് വേണ്ടത്. അതിന് കഴിയുന്നില്ലെങ്കില് പ്രത്യേകം ഒരു മുറി തയ്യാറാക്കി അവിടെ വിശ്രമ സൗകര്യമൊരുക്കണം. തുണികള് കൊണ്ടു മറച്ചിട്ടുള്ള താല്ക്കാലിക സജ്ജീകരണമായാലും മതി.
 | 

ക്യാമ്പില്‍ പ്രസവം എടുക്കേണ്ടി വന്നാല്‍ എന്തുചെയ്യണം; വിദഗ്ദ്ധ നിര്‍ദേശങ്ങള്‍ വായിക്കാം

കൊച്ചി: പ്രളയക്കെടുതി കാരണം ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന ഗര്‍ഭിണികള്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. പൂര്‍ണ ഗര്‍ഭിണിയാമെങ്കില്‍ കഴിവതും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയാണ് വേണ്ടത്. അതിന് കഴിയുന്നില്ലെങ്കില്‍ പ്രത്യേകം ഒരു മുറി തയ്യാറാക്കി അവിടെ വിശ്രമ സൗകര്യമൊരുക്കണം. തുണികള്‍ കൊണ്ടു മറച്ചിട്ടുള്ള താല്‍ക്കാലിക സജ്ജീകരണമായാലും മതി.

പ്രസവം എടുക്കേണ്ടി വരികയാണെങ്കില്‍ എന്തൊക്കെ ശ്രദ്ധിക്കണം!

അത്യാവശ്യമായി വേണ്ട സാധനങ്ങള്‍

1. വൃത്തിയുള്ള തുണി അമ്മയ്ക്ക് കിടക്കാനും കുഞ്ഞിനെ പൊതിയാനും
2. വെള്ളം തിളപ്പിക്കാനായുള്ള സൗകര്യം
3. പൊക്കിള്‍കൊടി കെട്ടാനുളള 10സെന്റീമീറ്റര്‍ നീളമുള്ള രണ്ട് ചരട്,
4. മുറിക്കാനുളള ബ്‌ളേഡ്/കത്തി (കത്തി വെളളത്തില്‍ അരമണിക്കൂര്‍ തിളപ്പിച്ചാല്‍ ശുദ്ധീകരിക്കാം)

അമ്മയെ മലര്‍ത്തി കിടത്തി രണ്ടു കാലും മടക്കി കുത്തി വെക്കുക. കുഞ്ഞിന്റെ തല കണ്ട് തുടങ്ങുമ്പോള്‍ അമ്മയോട് മുക്കാന്‍ പറയാം. കുഞ്ഞ് വന്നയുടന്‍ തലയുള്‍പ്പെടെ വൃത്തിയുള്ള തുണി കൊണ്ട് നന്നായി പൊതിഞ്ഞ് അമ്മയുടെ വയറില്‍ കിടത്തുക. പൊക്കിള്‍കൊടി കുഞ്ഞിന്റെ അടുത്ത് നിന്നും 10 സെ.മീ വിട്ടു 5 സെ.മീ അകലത്തില്‍ രണ്ട് കെട്ടിട്ട് ഇടയില്‍ മുറിക്കാം. കുഞ്ഞിന് ഉടനെ മുലപ്പാല്‍ നല്‍കുക. അമ്മയുടെ ശരീരത്തില്‍ നിന്നും പുറത്ത് നില്‍ക്കുന്ന പൊക്കിള്‍കൊടിയുടെ അങ്ങേയറ്റത്തുള്ള മറുപിള്ള അര മണിക്കൂറിനകം വേര്‍പെട്ട് വരേണ്ടതാണ്.

മറുപിളള പുറത്ത് വരുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന രക്തസ്രാവം കണ്ട് ഭയക്കേണ്ടതില്ല. സ്വാഭാവികമായ സുഖപ്രസവം മാത്രമേ ഇത്തരത്തില്‍ സാധ്യമാകൂ. അമ്മക്കോ കുഞ്ഞിനോ സങ്കീര്‍ണതകളുണ്ടെങ്കില്‍ ആശുപത്രിയില്‍ എത്തിക്കാതിരുന്നാല്‍ രണ്ട് പേര്‍ക്കും ജീവഹാനി സംഭവിക്കാം. റെസ്‌ക്യൂ ടീമുമായി ബന്ധപ്പെട്ട് ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തല്‍ നിര്‍ബന്ധമാണ്. എത്ര ആരോഗ്യമുള്ള അമ്മയും കുഞ്ഞുമാണെങ്കിലും ക്യാമ്പില്‍ നിന്നും പുറത്തെത്തിയാല്‍ ഉടന്‍ രണ്ടു പേരെയും ഡോക്ടറെ കാണിക്കുക.

സഹായം ആവശ്യമായി വന്നാല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി 8547654608ലേക്ക് വിളിക്കാം. ദയവായി ഈ നമ്പര്‍ ദുരുപയോഗം ചെയ്യരുത്.

തയ്യാറാക്കിയത്: ഡോ. ദിവ്യ ജോസ്, സി.ഐ.എം.ആര്‍ ഹോസ്പിറ്റല്‍