Wednesday , 1 April 2020
News Updates

എന്താണ് വൈറസ്, ശരീരത്തില്‍ വൈറസ് പ്രവര്‍ത്തിക്കുന്നത് എങ്ങനെ? ഡോ.ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം

കൊറോണ വൈറസ് 25 രാജ്യങ്ങളില്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 361 പേരാണ് ഈ വൈറസ് ബാധയില്‍ മരിച്ചത്. ചൈനയ്ക്ക് പുറത്ത് രോഗബാധയാലുള്ള ആദ്യ മരണം ഫിലിപ്പൈന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസിനെ കീഴ്‌പ്പെടുത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെങ്കിലും മരണസംഖ്യ ഏറുകയാണ്. ഈ അവസരത്തില്‍ വൈറസുകള്‍ എങ്ങനെയാണ് മനുഷ്യ ശരീരത്തില്‍ ആക്രമണം നടത്തുന്നതെന്നും വൈറസുകള്‍ ഏതൊക്കെ തരത്തിലുണ്ടെന്നും വിശകലനം നടത്തുകയാണ് ഡോ.ഷിംന അസീസ് ഫെയിസ്ബുക്ക് കുറിപ്പില്‍

കുറിപ്പ് വായിക്കാം

കൊറോണയും നിപ്പയും പക്ഷിപ്പനിയും മഞ്ഞപ്പിത്തവും ചിക്കന്‍പോക്സും മുതല്‍ എയിഡ്സ് വരെയുള്ള രോഗങ്ങള്‍ക്കുള്ള സമാനത അവയെല്ലാം വൈറസ് ഉണ്ടാക്കുന്നു എന്നതാണ്. ഈ പെരുംകുഞ്ഞിജന്തുക്കള്‍ ഉണ്ടാക്കുന്ന രോഗങ്ങളൊക്കെ ഭീകരന്‍മാരാകാന്‍ കാരണമെന്താണെന്നറിയോ? അതറിയണേല്‍ ആദ്യം വൈറസ് എന്താണെന്നറിയണം, വൈറസിന്റെ ഉറവിടവും പ്രവര്‍ത്തനരീതിയും അറിയണം.

ജീവനുള്ള കോശങ്ങളില്‍ മാത്രം നിലനില്‍പ്പുള്ള, രോഗമുണ്ടാക്കാന്‍ കഴിവുള്ള സൂക്ഷ്മ ജീവികളാണ് വൈറസുകള്‍. ഏകദേശം ബാക്ടീരിയയുടെ നൂറിലൊന്ന് വലിപ്പം മാത്രമുള്ള ഇവക്ക് മനുഷ്യര്‍ക്ക് പുറമേ മൃഗങ്ങളെയും ചെടികളെയും എന്തിനു ബാക്ടീരിയകളെ പോലും പ്രതികൂലമായി ബാധിക്കുന്ന അവസ്ഥകള്‍ സൃഷ്ടിക്കാന്‍ കഴിയും.

വൈറസ് വളര്‍ച്ചയെ അനുകൂലിക്കുന്ന ചുറ്റുപാടുകള്‍, ശരീരത്തില്‍ പ്രവേശിക്കുന്ന വൈറസുകളുടെ എണ്ണം, അവയുടെ രോഗജന്യശേഷി, വ്യക്തിയുടെ പ്രതിരോധശേഷി എന്നിവയുടെ അടിസ്ഥാനത്തിലാണ് വൈറസുകള്‍ രോഗം ജനിപ്പിക്കുന്നതിന്റെ തോത് ഏറിയും കുറഞ്ഞും ഇരിക്കുന്നത്.

കൊതുക്, ചെള്ള്, വവ്വാല്‍, വേറേം കുറേ മൃഗങ്ങള്‍ തുടങ്ങി വൈറസിനെ സപ്ലൈ ചെയ്യുന്നതില്‍ ജീവികള്‍ക്കുള്ള പങ്ക് വലുതാണ്. ഇവയ്ക്ക് രോഗം വരികയുമില്ല. ഉദാഹരണത്തിന്, ഏകദേശം 1200 ഇനം വവ്വാലുകള്‍ ലോകത്തുണ്ട് എന്നത് തന്നെ യഥേഷ്ടം വൈറസുകള്‍ക്ക് വളരാനുള്ള സാഹചര്യം ഒരുക്കുന്നു. പ്രാണികളെ ഭക്ഷിച്ചും വിത്തുകള്‍ മണ്ണില്‍ വീഴ്ത്തിയും പ്രകൃതിസൗഹാര്‍പരമായി വര്‍ത്തിച്ചു വരുന്ന ഇവയുടെ ശരീരത്തില്‍ നിപ്പ വൈറസ് മാത്രമല്ല ഉള്ളത്. ഏറെ പേരുടെ മരണത്തിനു കാരണമായ സാര്‍സ്, എബോള പോലെയുള്ള വൈറസുകള്‍ക്ക് എതിരെയുള്ള ആന്റിബോഡികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള വവ്വാലുകളില്‍ നിന്ന് വേര്‍തിരിക്കാന്‍ സാധിച്ചിട്ടുണ്ട്.

രോഗങ്ങളുടെ വാഹകരായിക്കൊണ്ട് തന്നെ ഒരിക്കലും രോഗം ബാധിക്കാതെ ഇവര്‍ രക്ഷപ്പെട്ട് പോകുന്നത് പ്രകൃതിയുടെ വികൃതി തന്നെയാണ്. ഇതെങ്ങനെയെന്നതിന് കൃത്യമായ ഉത്തരം വ്യക്തമല്ല. പരിണാമത്തിന്റെ ചങ്ങലയില്‍ കൊണ്ടും കൊടുത്തും അനേകം വൈറസുകള്‍ക്ക് താവളമാകുന്നത് വഴി പ്രതിരോധം ലഭിക്കുന്ന ജീനുകള്‍ വവ്വാലുകള്‍ തലമുറകള്‍ കൊണ്ട് നേടിയെടുത്തതാവാമെന്നു ശാസ്ത്രലോകം വീക്ഷിക്കുന്നു.

വൈറസുകള്‍ രണ്ടിനമുണ്ട്. DNA ജനിതകവസ്തുവായിരിക്കുന്ന വൈറസുകളും RNA ജനിതകവസ്തുവായിരിക്കുന്ന തരം വൈറസുകളും. ഇവയില്‍ ഡിഎന്‍എ വൈറസുകള്‍ക്ക് പൊതുവേ കോശഘടനയില്‍ സ്ഥിരതയുണ്ട്. ഏറെ മാറ്റങ്ങളും അവയ്ക്ക് വരുന്നില്ല.

എന്നാല്‍, ആര്‍എന്‍എ ജനിതകവസ്തുവായി ഇരിക്കുന്ന വൈറസുകള്‍ പൊതുവേ സ്ഥിരതയില്ലാത്തവയാണ് എന്ന് മാത്രമല്ല, തുടര്‍ച്ചയായി mutation എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നവയാണ്. അതായത്, അവയുടെ ജനിതകവസ്തു പല തവണ മാറ്റങ്ങള്‍ക്കു വിധേയമാകും. ഉദാഹരണത്തിന്, RNA വൈറസ് ഇനത്തില്‍ പെടുന്ന എയിഡ്‌സ് ഉണ്ടാക്കുന്ന HIV വൈറസിനെ പോലുള്ളവ അതിവേഗം വംശവര്‍ധനവിനു വിധേയമാകുന്നവയാണ്. എന്ന് മാത്രമല്ല, തുടര്‍ച്ചയായി മ്യൂട്ടേഷന് വിധേയമാകുന്നത് കാരണമായി ഇടയ്ക്കിടെ വൈറസിന്റെ സ്വഭാവം മാറിക്കൊണ്ടിരിക്കുകയും ചെയ്യും. ഇതിനാല്‍ തന്നെ, പുതുതായി ഉണ്ടാക്കുന്ന ഓരോ മരുന്നിനോടും പ്രതികരണം ഇല്ലാതാകാന്‍ അത് വഴി സദാ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെയാണ്, എയിഡ്‌സിനെ പൂര്‍ണമായും തുരത്താന്‍ തക്ക ശേഷിയുള്ള ഒരു മരുന്നോ വാക്‌സിനോ കൃത്യമായി വികസിപ്പിച്ചെടുക്കാന്‍ സാധിക്കാത്തതും.

ഇന്ഫ്‌ലുവന്‌സ വൈറസുകളും ഇത് പോലെ ഏഴോ എട്ടോ ആര്‍എന്‍എ കണികകള്‍ മാത്രം ഒരു പ്രോട്ടീന്‍ കോട്ടിനകത്തുള്ള രീതിയില്‍ ഘടന ചെയ്യപ്പെട്ടതാണ്. ഇതിനകത്ത് ഘടന തമ്മില്‍ മാറിയും മറിഞ്ഞും അവ സദാ മാറ്റങ്ങള്‍ക്കു വിധേയമായി കൊണ്ടിരിക്കുന്നു. പക്ഷിപ്പനിയും പന്നിപ്പനിയുമെല്ലാം ഈ ഒരു മാറ്റത്തിന്റെ ഭാഗമായുണ്ടായതാണ്. ഈ മാറ്റങ്ങള്‍ കൊണ്ട് തന്നെയാണ് ഓരോ വര്‍ഷവും ഓരോ പുതിയ തരം ഫ്‌ലു വാക്‌സിന്‍ നിര്‍മ്മിക്കുന്നത്.

രണ്ടു വ്യത്യസ്തതരം വൈറസുകള്‍ ഒരു ജീവിയുടെ ശരീരത്തില്‍ ഉണ്ടായിക്കഴിഞ്ഞാല്‍, അവ തമ്മില്‍ ജനിതകവസ്തു കൈമാറിയും പുതിയ ഇനം വൈറസുകള്‍ ഉണ്ടാകാറുണ്ട്. Recombination, reasosrtment എന്നൊക്കെ പേരിട്ടു വിളിക്കുന്ന ഈ കാര്യങ്ങള്‍ കൂടി ചേര്‍ന്നാണ് ഓരോ തവണയും ഈ വൈറസുകളെ മരുന്നിനു വഴങ്ങാത്ത പിടികിട്ടാപ്പുള്ളികള്‍ ആക്കുന്നത്. ഇവക്കുള്ള മരുന്നോ വാക്‌സിനോ വികസിപ്പിച്ചു വരുമ്പോഴേക്ക് ഇവയുടെ ജനിതകവസ്തു രൂപം മാറുകയും ഈ മരുന്നും കുത്തിവെപ്പും ഏല്‍ക്കാത്ത അവസ്ഥയായി മാറുകയും ചെയ്തിരിക്കുകയും. ശാസ്ത്രം നേരിടുന്ന വലിയ വെല്ലുവിളി തന്നെയാണ് ഇത്.

ഏതെങ്കിലും ഒരു വൈറസ് ശരീരത്തില്‍ എത്തിക്കഴിഞ്ഞാല്‍, ശരീരത്തിലെ പ്രതിരോധശക്തി അതിനെ നശിപ്പിക്കാന്‍ ശ്രമിക്കും. ഈ ഉദ്യമത്തില്‍ ശരീരം വിജയിച്ചു കഴിഞ്ഞാല്‍, വൈറസ് നശിക്കും, രോഗമുണ്ടാകുകയില്ല. എന്നാല്‍, വൈറസ് ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞാല്‍, അത് പറ്റിച്ചേര്‍ന്നിരിക്കുന്ന മനുഷ്യകോശത്തിലെ RNA കോഡ് അതിനുള്ളില്‍ തയ്യാറാക്കും. ഇതിനെ സ്വന്തം RNA എന്ന് ശരീരം തെറ്റിദ്ധരിക്കുന്നതിനാല്‍, കോശത്തിലെ റൈബോസോം എന്ന ഭാഗം ഈ കോഡ് വായിച്ചെടുത്ത് വൈറസിന്റെ വളര്‍ച്ചക്ക് ആവശ്യമുള്ള പ്രോട്ടീനുകളെ വികസിപ്പിച്ച് കൊടുക്കും. ഈ ഒരവസ്ഥ തുടരുന്നതോടെ, ശരീരം വൈറസിന് കീഴ്‌പ്പെടും.

വൈറല്‍ രോഗം ബാധിച്ച മൃഗത്തിന്റെ മാംസമോ മുട്ടയോ വേവിച്ച് കഴിക്കുന്നതില്‍ രോഗഭീഷണിയില്ല. തിളപ്പിച്ച പാല്‍ തികച്ചും സുരക്ഷിതമാണ്. ഇത്രയും ചൂടിനെ അതിജീവിക്കാന്‍ വൈറസുകള്‍ക്ക് സാധ്യമല്ല.

മിക്ക വൈറസുകളും ശരീരത്തിനു പുറത്ത് മിനിട്ടുകള്‍ മുതല്‍ ഏതാനും മണിക്കൂറുകള്‍ മാത്രം നിലനില്‍ക്കാന്‍ കെല്‍പ്പുള്ള ലോലന്‍മാരാണ്. താപവ്യതിയാനം, പിഎച് വ്യത്യാസം തുടങ്ങിയവയെ അതിജീവിക്കാനുള്ള ശേഷിയും വൈറസുകള്‍ക്ക് കുറവാണ്. അത് കൊണ്ട് തന്നെ, തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോള്‍ മൂക്കും വായും പൊത്തുക, രോഗികളെ തൊട്ടതിന് ശേഷം കൈ നന്നായി സോപ്പിട്ട് കഴുകുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, മലിനമായ കിണര്‍ ക്ലോറിനേറ്റ് ചെയ്യുക തുടങ്ങിയ പ്രക്രിയകളെ അതിജീവിക്കാന്‍ ഇവയ്ക്കാവില്ല. രോഗം തടയാനുള്ള ഏറ്റവും ഫലപ്രദമായ രീതിയും ഇതൊക്കെ തന്നെയാണ്.

ചിക്കന്‍ പോക്സ്, ഇന്‍ഫ്‌ലുവന്‍സ, എയിഡ്സ് പോലുള്ള ചില രോഗങ്ങളുടെ കാര്യത്തില്‍ ആന്റിവൈറല്‍ ഗുളികകള്‍ കൊടുത്ത് വൈറസുകളുടെ എണ്ണം കൂടുന്നത് തടയാന്‍ സാധിക്കും. ഇവയൊന്നും വൈറസിനെ നശിപ്പിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അപ്പോള്‍ രോഗലക്ഷണങ്ങള്‍ ചികിത്സിച്ച് മാത്രം കൊറോണ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ എങ്ങനെ ഭേദപ്പെടുത്തുന്നു എന്നാണോ?

രോഗലക്ഷണങ്ങള്‍ കൃത്യമായി ചികിത്സിച്ച് രോഗിയുടെ ശാരീരികവ്യവസ്ഥ സ്റ്റേബിളാക്കി നില നിര്‍ത്തുന്ന സമയം കൊണ്ട് ശരീരം തന്നെ വൈറസിനെതിരെയുള്ള പ്രതിരോധഘടകങ്ങള്‍ തയ്യാറാക്കും. നേരെ മറിച്ച്, രോഗലക്ഷണത്തെ മൈന്റ് ചെയ്യാതെ മൂക്കൊലിപ്പ് ന്യുമോണിയയും തലവേദന മെനിഞ്ചൈറ്റിസും ആകുന്ന അവസ്ഥ എത്തിയാല്‍ വൈറസ് മരണകാരണമാകും. മാത്രമല്ല, വൈറസ് ബാധിച്ച് ആരോഗ്യം ക്ഷയിച്ച കോശങ്ങളുടെ മേല്‍ ബാക്ടീരിയ വന്ന് ‘സൂപ്പര്‍ ഇന്‍ഫക്ഷന്‍’ ഉണ്ടാക്കുന്നതും രോഗിയെ കൊലക്ക് കൊടുക്കും. ഹൃദ്രോഗം, വൃക്കരോഗം പോലുള്ളവയുള്ള രോഗികള്‍ക്ക് ചെറിയ ഇന്‍ഫക്ഷനുകള്‍ പോലും കടുത്ത പ്രത്യാഘാതം ഉണ്ടാക്കാം.

ഇത് തന്നെയാണ് രോഗം ബാധിച്ചവരുടെ ലക്ഷണം മാത്രം ചികിത്സിച്ചാലും രോഗം മാറുന്നതിന്റെ ഗുട്ടന്‍സ്. രോഗം ബാധിക്കാതെ ശ്രദ്ധിക്കുന്നത് തന്നെയാണ് ഏറ്റവും സുരക്ഷിതവും. അപ്പോള്‍, നമുക്ക് വൃത്തിയായിരിക്കാം, കൈ ഇടക്കിടെ കഴുകാം, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യു ഉപയോഗിക്കാം, ടിഷ്യു കളഞ്ഞ ശേഷം കൈ സോപ്പിട്ട് കഴുകാം, ആഹാരമുണ്ടാക്കുന്നതിനും ടോയ്ലറ്റില്‍ പോകുന്നതിനും മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കാം, രോഗമുണ്ടെങ്കില്‍ പൊതുപരിപാടികളില്‍ നിന്നും പൊതുവിടങ്ങളില്‍ നിന്നും മാറി നില്‍ക്കാം.

ഇത്രയൊക്കെയേ വേണ്ടൂ. ഇതൊക്കെ മാറുമെന്നേ….

കൊറോണയും നിപ്പയും പക്ഷിപ്പനിയും മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും മുതൽ എയിഡ്‌സ്‌ വരെയുള്ള രോഗങ്ങൾക്കുള്ള സമാനത അവയെല്ലാം…

Posted by Shimna Azeez on Sunday, February 2, 2020

DONT MISS