ഇബ്രാഹിം കുഞ്ഞിന് ക്യാന്‍സര്‍ എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; തുടര്‍ ചികിത്സ വേണമെന്ന് നിര്‍ദേശം

പാലാരിവട്ടം പാലം അഴിമതിക്കേസില് അറസ്റ്റിലായ മുന് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് ക്യാന്സര് എന്ന് മെഡിക്കല് റിപ്പോര്ട്ട്.
 | 
ഇബ്രാഹിം കുഞ്ഞിന് ക്യാന്‍സര്‍ എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; തുടര്‍ ചികിത്സ വേണമെന്ന് നിര്‍ദേശം

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന് ക്യാന്‍സര്‍ എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. വിജിലന്‍സ് കോടതി നിര്‍ദേശം അനുസരിച്ച് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തുടര്‍ ചികിത്സ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ 19-ാം തിയതി കീമോതെറാപ്പി ചെയ്തുവെന്നും തുടര്‍ ചികിത്സ വേണമെന്നുമാണ് നിര്‍ദേശം. ഡിസംബര്‍ 3ന് വീണ്ടും കീമോ തെറാപ്പി ചെയ്യണം. മുദ്രവെച്ച കവറിലാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ഇന്ന് കോടതി ചേരുന്നതിന് മുന്‍പായി റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്.

കഴിഞ്ഞ ബുധനാഴ്ചയാണ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. പിന്നീട് ആശുപത്രിയില്‍ നേരിട്ടെത്തി മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി ഇബ്രാഹിം കുഞ്ഞിനെ റിമാന്‍ഡ് ചെയ്തു. ഇബ്രാഹിം കുഞ്ഞിനെ പുറത്തു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

ക്യാന്‍സര്‍ ചികിത്സയിലാണെന്നും പുറത്തു കൊണ്ടുപോയാല്‍ അണുബാധയുണ്ടാകുമെന്നുമാണ് ഡോ.വി.പി.ഗംഗാധരന്‍ വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്ന് ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യനില പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് വിജിലന്‍സ് കോടതി എറണാകുളം ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.