വീട്ടില്‍ 9 ഇടങ്ങളിലായി തീപ്പിടിത്തം; കാരണം കണ്ടുപിടിക്കാനാകാതെ പോലീസും ഫയര്‍ഫോഴ്‌സും

വീട്ടിനുള്ളില് 9 ഇടങ്ങളിലായി പല സമയത്ത് തീപ്പിടിത്തം. മൂവാറ്റുപുഴ, റാക്കാട് നന്തോട്ട് കൈമറ്റത്തില് അമ്മിണിയുടെ വീട്ടിലാണ് തുണികള്ക്ക് പല സമയത്തായി തീപിടിച്ചത്.
 | 
വീട്ടില്‍ 9 ഇടങ്ങളിലായി തീപ്പിടിത്തം; കാരണം കണ്ടുപിടിക്കാനാകാതെ പോലീസും ഫയര്‍ഫോഴ്‌സും

മൂവാറ്റുപുഴ: വീട്ടിനുള്ളില്‍ 9 ഇടങ്ങളിലായി പല സമയത്ത് തീപ്പിടിത്തം. മൂവാറ്റുപുഴ, റാക്കാട് നന്തോട്ട് കൈമറ്റത്തില്‍ അമ്മിണിയുടെ വീട്ടിലാണ് തുണികള്‍ക്ക് പല സമയത്തായി തീപിടിച്ചത്. മുറികളില്‍ സൂക്ഷിച്ചിരുന്ന തുണികളിലാണ് മിനിറ്റുകള്‍ വ്യത്യാസത്തില്‍ തീ പിടിച്ചത്. ഒരു ഭാഗത്ത് തീയണക്കുമ്പോള്‍ മറ്റൊരു മുറിയില്‍ നിന്ന് പുക ഉയരുകയായിരുന്നു.

തീപ്പിടിത്തത്തിന്റെ കാരണം പോലീസിനും ഫയര്‍ഫോഴ്‌സിനും കണ്ടെത്താനായിട്ടില്ല. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. അലമാരയുടെ മുകളില്‍ സൂക്ഷിച്ച തുണിയിലായിരുന്നു തീപടര്‍ന്നത്. ഇത് വീട്ടുകാര്‍ അണച്ചു. 24 മണിക്കൂറിനുള്ളില്‍ എട്ടു തവണയോളം തീപ്പിടിത്തമുണ്ടായി. പോലീസും ഫയര്‍ഫോഴ്‌സും പരിശോധന നടത്തുന്നതിനിടെയും തീപ്പിടിത്തമുണ്ടായി.

ഇതേത്തുടര്‍ന്ന് വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഗ്യാസ് സിലിന്‍ഡര്‍ പുറത്തേക്ക് മാറ്റുകയും ചെയ്തു. മുറിയില്‍ ആളില്ലാത്ത സമയത്താണ് തീപ്പിടിത്തമുണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മിണിയുടെ മകനും കാസര്‍ഗോഡ് മൃഗ സംരക്ഷണ വകുപ്പില്‍ ഉദ്യോഗസ്ഥനായ മീട്ടേഷും കുടുംബവും വീട്ടിലുള്ള സമയത്താണ് തീപ്പിടിത്തം ഉണ്ടായത്.

വീടിന്റെ ഭാഗംവെപ്പല്‍ അതൃപ്തരായ ആരെങ്കിലുമാണോ സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് വീടിനു മുന്നില്‍ തടിച്ചു കൂടിയത്. അന്വേഷണം പുരോഗമിക്കുകയാണ്.