കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഫോണിൽ; മലയാളി വൈദികൻ യു.എസിൽ അറസ്റ്റിൽ

മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല ചിത്രം സൂക്ഷിക്കുകയും പതിനാലു വയസ്സുകാരനെ അവ കാണിക്കുകയും ചെയ്ത കുറ്റത്തിന് മലയാളി വൈദികൻ അറസ്റ്റിലായി. വെസ്റ്റ് പാംബീച്ചിലെ ജീസസ് പാരിഷിലെ വൈദികനായ അങ്കമാലി സ്വദേശി ഫാ.ജോസ് പാലിമറ്റമാണ് (47) പിടിയിലായത്.
 | 
കുട്ടികളുടെ അശ്ലീലചിത്രങ്ങൾ ഫോണിൽ; മലയാളി വൈദികൻ യു.എസിൽ അറസ്റ്റിൽ

 

ഫ്‌ളോറിഡ: മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല ചിത്രം സൂക്ഷിക്കുകയും പതിനാലു വയസ്സുകാരനെ അവ കാണിക്കുകയും ചെയ്ത കുറ്റത്തിന് മലയാളി വൈദികൻ അറസ്റ്റിലായി. വെസ്റ്റ് പാംബീച്ചിലെ ജീസസ് പാരിഷിലെ വൈദികനായ അങ്കമാലി സ്വദേശി ഫാ.ജോസ് പാലിമറ്റമാണ് (47) പിടിയിലായത്. ഇന്ത്യയിൽ നിന്നുള്ള ഫ്രാൻസിസ്‌കൻ സഭാംഗമാണ്. കുട്ടികളുടെ നഗ്‌നചിത്രം കൈവശംവച്ചു, പ്രായപൂർത്തിയാകാത്ത കുട്ടിക്ക് ചിത്രങ്ങൾ കൈമാറി എന്നീ കുറ്റങ്ങളാണ് വൈദികനെതിരെ ചുമത്തിയിരിക്കുന്നത്. പാം ബീച്ച് കൗണ്ടി ജയിലിലാണ് വൈദികനിപ്പോൾ.

തന്റെ ഫോണിലുണ്ടായിരുന്ന നാല്പതോളം അശ്ലീല ചിത്രങ്ങൾ ഡിലീറ്റ് ചെയ്യുന്നതിനായി കുട്ടിയുടെ സഹായം തേടിയതാണ് വൈദികന് വിനയായത്. ഞായറാഴ്ച കുർബാനയ്ക്കു ശേഷം കുട്ടിയെ തന്റെ സെൽഫോണിലെ ചിത്രങ്ങൾ കാണിച്ച് ഇവ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ചിത്രങ്ങൾ കണ്ട കുട്ടി ഫോൺ മടക്കി നൽകിയ ശേഷം വിവരം മാതാപിതാക്കളെ അറിയിച്ചു. കുട്ടിയുടെ അച്ഛനാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ ഈ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് വൈദികൻ സന്ദേശം അയച്ചിരുന്നതായും കണ്ടെത്തി. അതേസമയം, വൈദികൻ മുൻപ് സമാനമായ കേസിൽ പെട്ടിട്ടുള്ളതായി റിപ്പോർട്ടില്ലെന്നും പോലീസ് അറിയിച്ചു.

രണ്ടു വർഷത്തെ സേവനത്തിനായി ഡിസംബറിലാണ് ഫാ.ജോസ് പാലിമറ്റം അമേരിക്കയിൽ എത്തിയത്. വൈദികനെതിരായ കുറ്റം ഗൗരവസ്വഭാവമുള്ളതാണെന്നും അന്വേഷണവുമായി സഭ സഹകരിക്കുമെന്നും രൂപത പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.