അബുദാബിയില്‍ ഭാര്യയെ തീപ്പിടിത്തത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു
ദുബായ്: അബുദാബിയില്‍ ഭാര്യയെ തീപ്പിടിത്തത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു. അനില്‍ നൈനാന് ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തത്തിലാണ് അനില്‍ നൈനാനും ഭാര്യ നീനുവിനുംപൊള്ളലേറ്റത്. നീനുവിന്റെ നില ഗുരുതരമല്ലെന്നാണ് വിവരം. അനിലിന് 90 ശതമാനം പൊള്ളലേറ്റിരുന്നു.
ഇവരുടെ താമസസ്ഥലത്ത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപ്പിടിത്തമുണ്ടാവുകയായിരുന്നുവെന്നാണ് കരുതുന്നത്. തീപ്പിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. നീനുവിന്റെ ശരീരത്തിലാണ് ആദ്യം തീ പടര്‍ന്നത്. നീനുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അനിലിന്റെ ശരീരത്തിലേക്ക് തീ പടരുകയായിരുന്നുവെന്ന് റാസ് അല്‍ ഖൈമയിലെ സെന്റ് തോമസ് മാര്‍ത്തോമാ പള്ളി വികാരി സോജന് തോമസ് പറഞ്ഞു.
ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ഉം അല്‍ ഖുവൈനിലുള്ള ഷെയ്ഖ് ഖലീഫ ജനറല്‍ ഹോസ്പിറ്റലിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ദമ്പതികള്‍ക്ക് നാല് വയസുള്ള ആണ്‍കുട്ടിയുണ്ട്.