ഇന്ദു മേനോന്‍ വംശീയമായി അധിക്ഷേപിച്ചെന്ന് ആദിവാസി കവി; ‘സന്തോഷം പങ്കിട്ടതെന്ന്’ വിശദീകരണം

ഒരു വാട്സാപ്പ് ഗ്രൂപ്പില് നടന്ന ചര്ച്ചയിലാണ് ഇന്ദു മേനോന് വിവാദ പ്രസ്താവന നടത്തിയത്.
 | 
ഇന്ദു മേനോന്‍ വംശീയമായി അധിക്ഷേപിച്ചെന്ന് ആദിവാസി കവി; ‘സന്തോഷം പങ്കിട്ടതെന്ന്’ വിശദീകരണം

കൊച്ചി: ചെറുകഥാകൃത്തും കിര്‍ത്താഡ്‌സ് ഉദ്യോഗസ്ഥയുമായ ഇന്ദു മേനോന്‍ വംശീയമായി അധിക്ഷേപിച്ചെന്ന് ആദിവാസി കവി അശോകന്‍ മറയൂര്‍. അപകീര്‍ത്തിപ്പെടുത്താനും വംശീയമായി അധിക്ഷേപിക്കാനും ഇന്ദുമേനോന്‍ ശ്രമിക്കുന്നു. ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ അവര്‍ പരസ്യമായ കുറിപ്പെഴുതിയെന്നും അശോകന്‍ മറയൂര്‍ ആരോപിച്ചു. എം.എ മലയാളം സിലബസില്‍ അശോകന്‍ മറയൂറിന്റെ കവിത ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലാണ് ഇന്ദു മേനോന്‍ വിവാദ പ്രസ്താവന നടത്തിയത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചതോടെ അശോകന്‍ മറയൂര്‍ മറുപടിയുമായി രംഗത്ത് വരികയായിരുന്നു.

‘നമ്മുടെ സാഹിത്യ ക്യാമ്പിലൂടെ എഴുതി വന്ന്, പുകഴേന്തി സാര്‍ പണം നല്‍കി പുസ്തകം അച്ചടിച്ച അശോകന്റെ കവിത എം.എ മലയാളം സിലബസില്‍ ഉള്‍പ്പെടുത്തി.’ എന്നാണ് വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ദു മേനോന്‍ പ്രസ്താവിച്ചത്. എന്നാല്‍ ഇന്ദുമേനോന്റെ പരാമര്‍ശം അവാസ്തമാണെന്നും തന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ളതാണെന്നും അശോകന്‍ മറയൂര്‍ ചൂണ്ടിക്കാണിച്ചു. ഇന്ദുമേനോന്‍, നിങ്ങള്‍ക്കു മാത്രമുള്ള ഒന്നല്ല ആത്മാഭിമാനം. ആദിവാസി ഗോത്രത്തില്‍ നിന്നുള്ള ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ നിങ്ങള്‍ എന്റെ ആത്മാഭിമാനം മുറിപ്പെടുത്തുമ്പോള്‍ വെറുതെ നോക്കി നില്‍ക്കാന്‍ എനിക്കു കഴിയുകയില്ല, അശോകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അശോകന്‍ വകുപ്പിന്റെ അതിഥിയായിരുന്നു. പുസ്തകം അച്ചടിക്കുവാന്‍ ഡിസിക്ക് പണം നല്‍കിയതും ഗവണ്‍മെന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമിയിലും വകുപ്പിന്റെ നോമിനിയായിരുന്നു. ഇനിയും പല സിലബസുകളിലേക്കും ഉള്‍പ്പെടുത്താവുന്ന പല മികച്ച കവിതകളും നോമിനേറ്റ് ചെയ്തിട്ടുമുണ്ട്. വകുപ്പിന്റെ ക്യാമ്പില്‍ എഴുതിയ ആര്‍ക്കെങ്കിലും എന്തെങ്കിലും നേട്ടമുണ്ടായാല്‍ അതിന്റെ സന്തോഷം പങ്കിടുക എന്നത് മാത്രമേ ചെയ്തിട്ടുള്ളു’, എന്നാണ് ഇന്ദു മേനോന്‍ ഈ വിഷയത്തില്‍ നല്‍കുന്ന വിശദീകരണം. കൂടാതെ അശോകനെതിരെ മറ്റു ചില ആരോപണങ്ങളും ഇന്ദു മേനോന്‍ ഉന്നയിച്ചിരുന്നു.

അശോകന്‍ മറയൂറിന്റെ വിശദീകരണ കുറിപ്പ്.

ഇത് ഇന്ദുമേനോനായിരുന്നു …

2016 ഏപ്രിൽ 2,3 തിയതികളിൽ പട്ടാമ്പി ഗവ.കോളേജിൽ വെച്ചു നടന്ന കവിതാ കാർണിവലിലാണ് എനിക്ക് ആദ്യമായി ശ്രദ്ധേയമായ ഒരവസരം ലഭിക്കുന്നത്. അതിനു മുമ്പ് …2003 മുതൽ കത്തിലൂടെയും നേരിട്ടും പി.രാമൻ സാറുമായ് മാത്രമാണ് എന്റെ കവിതകൾ വായ്ക്കുകയും ചർച്ച ചെയ്യുകയും ചെയ്തിരുന്നത് .പിന്നീടത് സ്വന്തം ഭാഷയെ അടയാളപ്പെടുത്താനും ആ തനതു ഭാഷയിൽ കവിതയെഴുതാനും അദ്ദേഹം തന്നെയാണ് പിൻന്തുണയായത് .കവിതാ കാർണിവലിന്റെ ആദ്യ പതിപ്പ് ഉദ്ഘാടനം ചെയ്തത് അന്ന് തീരേ അറിയപ്പെടാതിരുന്ന ഞാൻ ആയിരുന്നു. കാർണിവലിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ‘ തിളനില ‘ എന്ന മാഗസിനിലാണ് എന്റെ മലയാളത്തിലും മുതുവാൻ ഭാഷയിലുമുള്ള കവിതകൾ ആദ്യമായി പുറത്തു വരുന്നത്. അത് അന്ന് ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തതാണ്.

ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് 2017-ൽ കോഴിക്കോടു വെച്ച് കിർത്താഡ്സ് സംഘടിപ്പിച്ച ഗോത്രവർഗ്ഗഎഴുത്തുകാരുടെ ക്യാമ്പിലേക്ക് എന്നെ വിളിക്കുന്നത്. അല്ലാതെ അന്ന് തീരെ അറിയപ്പെടാതിരുന്ന എന്നെ കണ്ടെത്തി ആ ക്യാമ്പിൽ പങ്കെടുപ്പിച്ചതല്ല.ആ ക്യാമ്പിന്റെ നേതൃത്വം ഇന്ദുമേനോനായിരുന്നു.അങ്ങനെയാണ് അവരെ ഞാൻ പരിചയപ്പെടുന്നത്. ഞാനുൾപ്പെടെ മുപ്പതു പേർ ക്യാമ്പിലുണ്ടായിരുന്നു. ആ സമയത്ത് കോഴിക്കോട് വെച്ചു നടന്ന ഡി.സി.ബുക്സ് കെ.എൽ.എഫിൽ ഒരു സെഷനിൽ കവിത വായിക്കാൻ എനിക്ക് അവസരം ലഭിച്ചു.ഇന്ദുമേനോൻ ഇടപെട്ടതുകൊണ്ടാവാം ഒരു പക്ഷേ എനിക്ക് ആ അവസരം കിട്ടിയത്.

തൊട്ടടുത്ത കൊല്ലവും (2018) – കിർത്താഡ്സിന്റെ ക്യാമ്പിലും കെ.എൽ.എഫിലും പങ്കെടുത്തു.അതേ വർഷം ജൂലൈ 27, 28 തിയ്യതികളിൽ ചെന്നൈയിൽ നടന്ന സൗത് ഇന്ത്യൻ ട്രൈബൽ റൈറ്റേഴ്സ് മീറ്റിൽ പങ്കെടുക്കാൻ വിളിച്ചതും ഇന്ദുമേനോനാണ്. ഇങ്ങനെ രണ്ടു കിർത്താഡ്സ് ക്യാമ്പും ഒരു ചെന്നൈ യാത്രയുമാണ് ഇന്ദുമേനോൻ കിർത്താഡ്സ് ഉദ്യോഗസ്ഥ എന്ന നിലയിൽ എനിക്കു നേടിത്തന്ന അവസരങ്ങൾ. ഇതിൽ രണ്ടു ക്യാമ്പുകളിലും എനിക്കു പുറമേ 29 പേർ ഉണ്ടായിരുന്നു.ചെന്നൈയിലെ പരിപാടിയിൽ എനിക്കു പുറമേ മറ്റു രണ്ടു കവികളുമുണ്ടായിരുന്നു. എന്റെ കവിത അവഗണിക്കാനാവാത്ത വിധം ശ്രദ്ധിക്കപ്പെട്ടതു കൊണ്ടു തന്നെയാണ് എന്നെ ഈ പരിപാടികളിൽ പങ്കെടുപ്പിച്ചത്. എനിക്ക് അവസരം തരണമെന്ന് ഇന്ദുമേനോനോട് എന്നല്ല ആരോടും ഞാൻ അപേക്ഷിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഇന്ദുമേനോൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് അവരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗം മാത്രമാണ്. അല്ലാതെ ആദിവാസിക്കു തന്ന ഔദാര്യമല്ല. ജോലിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾ ഔദാര്യമായി ഒരു ഉദ്യോഗസ്ഥ കരുതുന്നുവെങ്കിൽ തീർച്ചയായും അത് വിമർശന വിധേയമാക്കേണ്ടതുണ്ട്.

ചെന്നൈയിൽ നടന്ന സൗത് ഇന്ത്യൻ റൈറ്റേഴ് മീറ്റിൽ പങ്കെടുത്തപ്പോൾ പങ്കെടുത്തവർക്കെല്ലാം താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നത് ഒരു സ്റ്റാർ ഹോട്ടലിലായിരുന്നു. ഞാനും കേരളത്തിൽ നിന്നുള്ള മറ്റൊരു ഗോത്ര കവിയുമാണ് ഒരു റൂമിൽ താമസിച്ചത്. ഇത്തരം ആഡംബര ഹോട്ടലുകളിൽ താമസിച്ച പരിചയം ഞങ്ങൾക്കുണ്ടായിരുന്നില്ല. മുറിയിലെ ഫ്രിഡ്ജിൽ മദ്യം, ബിസ്കറ്റ്, അണ്ടിപ്പരിപ്പ്, ചോക്ലേറ്റ് എന്നിവയെല്ലാമുണ്ടായിരുന്നു. അതൊന്നും എടുത്ത് ഉപയോഗിക്കരുതെന്ന് ഞങ്ങളോട് ഇന്ദുമേനോനെന്നല്ല, ആരും നിർദ്ദേശം തന്നിരുന്നില്ല.(ഇന്ദുമേനോൻ അതേ ഹോട്ടലിൽ തന്നെ ഉണ്ടായിരുന്നു.) അത് ഉപയോഗിക്കുന്നതിന് പ്രത്യേകം പണച്ചെലവുണ്ടെന്നും അത് എടുക്കരുതെന്നും നിർദ്ദേശം തന്നിരുന്നെങ്കിൽ ഞങ്ങൾ അതൊന്നും തൊടുമായിരുന്നില്ല. ഇന്ദുമേനോനെപ്പോലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ താമസിച്ച പരിചയമില്ലാത്തതു കൊണ്ട് ഞങ്ങൾ മുറിയിലുണ്ടായിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചു എന്നതു സത്യമാണ്. ഞങ്ങളെ വിളിച്ചു കൊണ്ടുപോയവർ കൃത്യമായ നിർദ്ദേശം തരാതിരുന്നതുകൊണ്ട് സംഭവിച്ചത് എങ്ങനെയാണ് എന്റെ വീഴ്ച്ചയാകുന്നത്? (കഴിഞ്ഞ പത്തു വർഷമായി ഞാൻ മദ്യപിക്കാറില്ല എന്ന് എന്നെ നന്നായി അറിയുന്ന സുഹൃത്തുക്കൾക്കെല്ലാം അറിയാം)

2017- ഡിസംബറിലാണ് ഡി.സി.ബുക്സ് എന്റെ ആദ്യ പുസ്തകമായ പച്ച വീട് പ്രസിദ്ധീകരിച്ചത്.ഇന്ദുമേനോൻ വഴിയല്ല ഞാൻ ഡി.സി.ബുക്സിനെ സമീപിച്ചത്. പണം കൊടുക്കാതെ തന്നെ പ്രസിദ്ധീകരിക്കാൻ ഡി.സി.ബുക്സ് തയ്യാറായതാണ്. ഗോത്രവർഗ്ഗ എഴുത്തുകാരുടെ കൃതികൾ പ്രസിദ്ധീകരിക്കുന്നതിന് ട്രൈബൽ ഡിപ്പാർട്ടുമെന്റിന് ഫണ്ടുനൽകാൻ വകുപ്പുണ്ടെങ്കിൽ അർഹതപ്പെട്ട ആ ഫണ്ട് വാങ്ങിച്ചെടുക്കണമെന്നു ബോധ്യപ്പെട്ടതു കൊണ്ടാണ് മൂന്നാർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർക്ക് ഞാൻ അപേക്ഷ കൊടുത്തത്. ടി.ഇ.ഒ തന്നെയാണ് അനുവദിച്ച തുക പിന്നീട് പ്രസാധകർക്കു കൈമാറിയതും. This book is published by the financial support of Tribal Welfare Fund എന്ന് പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ഞാൻ ഒരിക്കൽ പോലും ഇന്ദുമേനോന്റെ സഹായം തേടിയിട്ടില്ല.

വസ്തുതകൾ ഇതായിരിക്കെ, എന്നെ അപകീർത്തിപ്പെടുത്താനും വംശീയമായി അധിക്ഷേപിക്കാനുമാണ് ഇന്ദുമേനോൻ ഇപ്പോൾ ശ്രമിക്കുന്നത്. എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന അവരുടെ ഒരു പോസ്റ്റ് വായിച്ചതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്.”നമ്മുടെ സാഹിത്യ ക്യാമ്പിലൂടെ എഴുതി വന്ന്, പുകഴേന്തി സാർ പണം നൽകി പുസ്തകം അച്ചടിച്ച അശോകന്റെ കവിത MA മലയാളം സിലബസ്സിൽ ഉൾപ്പെടുത്തി.” എന്ന അവരുടെ ഒരു പോസ്റ്റ് ശ്രദ്ധയിൽ പെട്ടപ്പോഴാണ് ഞാൻ പ്രതികരിച്ചത്.ഇന്ദുമേനോൻ, നിങ്ങൾക്കു മാത്രമുള്ള ഒന്നല്ല ആത്മാഭിമാനം. ആദിവാസി ഗോത്രത്തിൽ നിന്നുള്ള ഒരു എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങൾ എന്റെ ആത്മാഭിമാനം മുറിപ്പെടുത്തുമ്പോൾ വെറുതെ നോക്കി നിൽക്കാൻ എനിക്കു കഴിയുകയില്ല.