കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്

കളമശേരി മെഡിക്കല് കോളേജില് ഓക്സിജന് കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തില് അന്വേഷണത്തിന് ഉത്തരവ്.
 | 
കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവ്

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ കിട്ടാതെ കോവിഡ് രോഗി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഉത്തരവിട്ടത്. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ കോവിഡ് രോഗി മരിച്ചത് ഓകസിജന്‍ ലഭിക്കാതെയാണെന്ന നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

കോവിഡ് ചികിത്സയിലായിരുന്ന സി.കെ.ഹാരിസിന്റെ മരണമാണ് ജീവനക്കാരുടെ പിഴവ് മൂലം സംഭവിച്ചത്. വെന്റിലേറ്ററിന്റെ ട്യൂബുകള്‍ മാറിക്കിടന്നത് ശ്രദ്ധിക്കാത്തത് മൂലം മരണം സംഭവിച്ചുവെന്നായിരുന്നു ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നത്. വെന്റിലേറ്ററില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമായിരുന്ന രോഗിയാണ് ജീവനക്കാരുടെ അശ്രദ്ധ മൂലം മരിച്ചത്.

ചെറിയ വീഴ്ച കൊണ്ട് പല രോഗികളും മരിച്ചിട്ടുണ്ട്. പല രോഗികളുടെയും ഓക്‌സിജന്‍ മാസ്‌ക് പോലും ശരിയായിട്ടല്ല വെക്കുന്നത്. ചികിത്സാപ്പിഴവ് ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. ഡോക്ടര്‍മാര്‍ സംരക്ഷിച്ചതു കൊണ്ടാണ് നടപടിയുണ്ടാകാതിരുന്നതെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.