വ്യാജ ബെവ്ക്യൂ ആപ്പ്; ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണത്തിന്

ബെവ്ക്യൂ ആപ്പിന്റെ വ്യാജന് പ്രചരിച്ച സംഭവത്തില് അന്വേഷണം.
 | 
വ്യാജ ബെവ്ക്യൂ ആപ്പ്; ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷണത്തിന്

തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിന്റെ വ്യാജന്‍ പ്രചരിച്ച സംഭവത്തില്‍ അന്വേഷണം. വ്യാജ ആപ്പിനെതിരെ അന്വേഷണം നടത്താന്‍ പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന് നിര്‍ദേശം നല്‍കിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.

ബെവ്‌കോ മാനേജിങ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ‘ബെവ് ക്യൂ ബെവ്‌കോ ഓണ്‍ലൈന്‍ ബുക്കിങ് ഗൈഡ്’ എന്ന പേരിലാണ് വ്യാജന്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്‍സ്റ്റോള്‍ ചെയ്താല്‍ മദ്യ ബ്രാന്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് ആപ്പില്‍ ലഭിക്കുന്നത്. ഇതിലെ ലോഗിന്‍ ലിങ്കില്‍ വ്യക്തിവിവരങ്ങള്‍ നല്‍കാനുള്ള ഓപ്ഷനുകളും ഉണ്ടായിരുന്നു.

ഒറിജിനല്‍ ആപ്പ് വൈകിട്ട് 5 മണിക്ക് പ്ലേസ്റ്റോറില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇതേവരെ ലൈവായിട്ടില്ല. എന്നാല്‍ ഡ്യൂപ്ലിക്കേറ്റ് ആകട്ടെ 50,000ന് മേല്‍ ഡൗണ്‍ലോഡുകളുമായി കുതിക്കുകയാണ്.