Wednesday , 24 October 2018
News Updates

ന്യൂസ് 18 ചാനലിലെ തൊഴില്‍ പ്രശ്‌നം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തിരിക്കാന്‍ ശ്രമം; സംഘപരിവാര്‍ ഗൂഢാലോചനയെന്ന് ആരോപണം

തിരുവനന്തപുരം: ന്യൂസ് 18 കേരള ചാനലില്‍ 5 ജീവനക്കാരെ പിരിച്ച് വിട്ടതും അതിലൊരാള്‍ ആത്മഹത്യക്ക് ശ്രമിച്ചതുമായ സംഭവം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ലൈംഗികാരോപണമായും പീഡന ശ്രമമായും വ്യാഖ്യാനിച്ച് വാര്‍ത്ത നല്‍കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സഹായത്തോടെ അരങ്ങേറുന്ന ഗൂഢാലോചനക്ക് പിന്നില്‍ സംഘപരിവാര്‍ പശ്ചാത്തലമുള്ള മാധ്യമപ്രവര്‍ത്തകരാണെന്നും സൂചനകളുണ്ട്. ജോലിയില്‍ നിന്നും പിരിച്ച് വിട്ടതിനേത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ജേര്‍ണലിസ്റ്റ് ദളിത് വിഭാഗത്തില്‍പെടുന്നയാളായതിനാല്‍ ദളിത് പീഡനമായി വ്യാഖ്യാനിക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ചാനലില്‍ ന്യൂസ് പ്രൊഡ്യൂസര്‍ ആയിരുന്ന യുവതിയാണു ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അമിത അളവില്‍ ഗുളികകള്‍ കഴിച്ച് അവശനിലയിലായ യുവതിയെ ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരം അനന്തപുരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സംഭവം പുറത്ത് വന്ന് മിനിറ്റുകള്‍ക്കകം ചാനലിലെ മുതിര്‍ന്ന വാര്‍ത്താ അവതാരകനായ സനീഷ് ഇളയടത്തിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചിരുന്നു. സംഘപരിവാര്‍ അനൂകൂല ഗ്രൂപ്പുകളില്‍ നിന്നാണ് സൈബര്‍ ആക്രമണം ഉണ്ടായതെന്നാണ് സൂചന. ആത്മഹത്യക്ക് ശ്രമിച്ച് യുവതിയെ ന്യൂസ് പ്രൊഡക്ഷനില്‍ വരുത്തിയ പിഴവിന് മൂന്ന് മാസം മുന്‍പ് സനീഷ് ശകാരിച്ചിരുന്നു. ന്യൂസ് ഡസ്‌കില്‍ വച്ച് നിരവധി പേരുടെ സാന്നിധ്യത്തിലാണ് ഇത് നടന്നത്. ജോലിയില്‍ വീഴ്ചവരുത്തുന്നതിനു മുതിര്‍ന്ന ജേര്‍ണലിസ്റ്റുകള്‍ ചെയ്യുന്നതുപോലെയുള്ള ശകാരമേ സനീഷിന്റെ ഭാഗത്തുനിന്നുണ്ടായുള്ളൂ എന്ന് അവിടെ ഉണ്ടായിരുന്നവര്‍ പറയുന്നു. പ്രോഗ്രാം പ്രൊഡ്യൂസര്‍ ചുമതലയിലിരുന്ന യുവതി, ജിഷ്ണു പ്രണോയ് സംഭവത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തവെ, ഇത് എയര്‍ ചെയ്യാതെ പരസ്യം കാണിച്ചതിനായിരുന്നു ശകാരം. സ്വാഭാവികമായ ഈ ശകാരത്തെയാണു സ്ത്രീപീഡനമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

പിഴവ് മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനേത്തുടര്‍ന്ന് യുവതി സനീഷിനെതിരായി എഡിറ്റര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. ആ വിഷയം അവിടെ അവസാനിച്ചതായാണ് ചാനലുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. 5 പേരെ പിരിച്ചുവിട്ട പുതിയ സംഭവത്തിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പറയപ്പെടുന്നു. എന്നാല്‍ ചില കോണുകളില്‍ നിന്നുള്ളവര്‍ സനീഷിനെതിരെയുള്ള പരാതിയായി ആത്മഹത്യാ ശ്രമം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. പിരിച്ചുവിട്ടവരില്‍ മുന്‍ എ.ബി.വി.പി നേതാക്കളായ രണ്ട് പേര്‍ ഉള്ളതിനാല്‍ അവരാണ് വ്യാജ വാര്‍ത്തകള്‍ക്ക് പിന്നിലെന്ന് ചിലര്‍ ആരോപിക്കുന്നു.

ഇന്നലെ രാത്രി ആശുപത്രിയിലെത്തിയ വഞ്ചിയൂര്‍ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഇതിന്റെയടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ചാനലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ നാല് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുത്തതായും പോലീസ് പറഞ്ഞു. എഡിറ്റര്‍ രാജീവ് ദേവരാജ്, ബി. ദിലീപ് കുമാര്‍, സി.എന്‍.പ്രകാശ്, ലല്ലു ശശിധരന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പോലീസ് ചാര്‍ജ്ജ് ചെയ്ത കേസില്‍ ആത്മഹത്യാ പ്രേരണയ്ക്കുള്ള വകുപ്പുമാത്രമാണ് ചുമത്തിയിരിക്കുന്നത്. ഈ കേസില്‍ സനീഷ് പ്രതിയുമല്ല. സനീഷിനെതിരെ കേസില്ല എന്നറിഞ്ഞിട്ടും സൈബര്‍ ആക്രമണം തുടരുകയാണ്. വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിക്കലും സനീഷിന്റെ ടൈംലൈനില്‍ തെറിവിളിയും തുടരുകയാണ്.

ഇടതുപക്ഷത്തിനനുകൂലമായി സമൂഹമാധ്യമങ്ങളില്‍ നിലപാടുകളെടുക്കുന്ന മാധ്യമ പ്രവര്‍ത്തകരാണ് സനീഷും ലല്ലുവും. കേസില്‍ പ്രതി ചേര്‍ത്തതോടെ സൈബര്‍ ആക്രമണം ലല്ലുവിന്റെ ടൈംലൈനിലും ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യാ ശ്രമം നടത്തിയ യുവതിയോട് ഔദ്യോഗിക കോണ്‍ഫറന്‍സുകളിലല്ലാതെ സംസാരിച്ചിട്ടുപോലുമില്ലെന്നാണു ലല്ലു പറയുന്നത്. മൊഴിയില്‍ ലല്ലുവിന്റെ പേര് വന്നതില്‍ ഗൂഢാലോചന നടന്നതായും ചിലര്‍ സംശയിക്കുന്നുണ്ട്. 4 പേരെ പിരിച്ച് വിട്ടത് കൂടാതെ 18 പേര്‍ക്ക് ജോലിയിലെ മികവ് മെച്ചപ്പെടുത്താന്‍ രണ്ട് മാസത്തെ സമയമനുവദിച്ച് നോട്ടീസ് കൊടുത്തിട്ടുണ്ട്. ഇവരും പരാതികളുമായി രംഗത്തുണ്ട്.

കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ന്യൂസ് 18 കേരളയില്‍ അവരുടെ ഹ്യൂമന്‍ റിസോഴ്‌സസ് വകുപ്പ് നടത്തിയ പിരിച്ചുവിടലുകളുടെ ഉത്തരവാദിത്തം മറ്റു ജീവനക്കാരുടെ തലയില്‍ കെട്ടിവെയ്ക്കാനും വിഷയത്തെ വളച്ചൊടിച്ച് സ്ത്രീപീഡനമാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ചാനലുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്.

DONT MISS