ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലിനെ സാക്ഷിയാക്കി കൊച്ചിയില്‍ ഇന്ന് ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനല്‍

മഞ്ഞുകാലത്തും മത്സരച്ചൂടിലാണ് മഞ്ഞപ്പടയുടെ കൊച്ചി, ദൈവത്തിന്റെ സ്വന്തം നാട്ടില് ക്രിക്കറ്റ് ദൈവത്തിന്റെ ടീം കിരീടം ചൂടുമോയെന്ന് അറിയുവാന് ഇനി ഏതാനും മണിക്കൂറുകള് മാത്രം. അരലക്ഷത്തോളം വരുന്ന കാണികളെ സാക്ഷിനിര്ത്തി ഇന്നു ഐഎസ്എല് മൂന്നാം സീസണ് ഫൈനലില് കൊച്ചി ഇന്റര്നാഷണല് ജവഹര്ലാല് നെഹറു സ്റ്റേഡിയത്തില് വെച്ച് കേരള ബ്ലാസ്റ്റേഴ്സ് അത്ലറ്റികോ ഡി കൊല്ക്കത്തയെ നേരിടും.
 | 

ആര്‍ത്തിരമ്പുന്ന മഞ്ഞക്കടലിനെ സാക്ഷിയാക്കി കൊച്ചിയില്‍ ഇന്ന് ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനല്‍

കൊച്ചി: മഞ്ഞുകാലത്തും മത്സരച്ചൂടിലാണ് മഞ്ഞപ്പടയുടെ കൊച്ചി, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ക്രിക്കറ്റ് ദൈവത്തിന്റെ ടീം കിരീടം ചൂടുമോയെന്ന് അറിയുവാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. അരലക്ഷത്തോളം വരുന്ന കാണികളെ സാക്ഷിനിര്‍ത്തി ഇന്നു ഐഎസ്എല്‍ മൂന്നാം സീസണ്‍ ഫൈനലില്‍ കൊച്ചി ഇന്റര്‍നാഷണല്‍ ജവഹര്‍ലാല്‍ നെഹറു സ്റ്റേഡിയത്തില്‍ വെച്ച് കേരള ബ്ലാസ്റ്റേഴ്സ് അത്ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും.

സ്വന്തം മണ്ണില്‍ ആദ്യകിരീടം ലക്ഷ്യമിട്ടാണ് ഇന്നു ബ്ലാസ്‌റ്റേഴ്‌സ് കളിക്കളത്തിലിറങ്ങുന്നത്. ആദ്യ സീസണ്‍ ഫൈനലില്‍ കൊല്‍ക്കത്തയോടു പരാജയപ്പെട്ടതിനു മധുര പ്രതികാരം ചെയ്യുവാനുള്ള സുവര്‍ണ്ണ അവസരമായാണ് ബ്ലാസ്റ്റേഴ്‌സ് കണക്കുക്കൂട്ടുന്നത്. ഇതിനായി ആവനാഴിയിലെ എല്ലാ ആയുധങ്ങളും ബ്ലാസ്റ്റേഴ്‌സ് പുറത്തെടുക്കും. ഇതിനെല്ലാം പുറമെ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും ടീമിന്റെ ഏറ്റവും വലിയ ശക്തിയായ ആരാധകരുടെ പിന്‍തുണയും ടീമുടമ സച്ചിന്‍ തെണ്ടുല്‍ക്കറുടെ സാന്നിധ്യവും ബ്ലാസ്റ്റേഴ്‌സിനു അനുകൂലമാകും.

ആദ്യപകുതിയില്‍ പതിഞ്ഞതാളത്തില്‍ കളിച്ച് രണ്ടാം പകുതിയില്‍ ആഞ്ഞടിക്കുക എന്ന ശൈലിയിലാവും ബ്ലാസ്റ്റേഴ്‌സ് ഇന്നും പ്രയോഗിക്കുക. ഡല്‍ഹിയുമായുള്ള രണ്ടാംപാദ സെമിയില്‍ ഉണ്ടായ പിഴവുകള്‍ തിരുത്തിയാവും കൊച്ച് കോപ്പല്‍ തന്ത്രങ്ങള്‍ മെനയുക. മികച്ച പ്രതിരോധമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത്. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസും സന്ദേശ് ജിങ്കാനും അടങ്ങുന്ന നിര ഗോള്‍ മുഖം കോട്ടകെട്ടി കാക്കുന്നു. എന്നാല്‍ മഞ്ഞക്കാര്‍ഡ് കിട്ടി പുറത്തുപോയ ഹോസു പ്രിറ്റോയുടെ അഭാവം ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തെ പിന്നോട്ട് വലിക്കും. ഹോസു പ്രിറ്റോക്ക് പകരം ആരാണ് അവസാന ഇലവനില്‍ സ്ഥാനം പിടിക്കുക ന്നെതില്‍ ഉറപ്പായിട്ടില്ല എങ്കിലും വിദേശതാരം ദിദിയര്‍ കാദിരോയോ, പ്രത്വീക് ചൗധരിയോ അല്ലെങ്കില്‍ റിനോ ആന്റണിയോ ആവും ബൂട്ട് കെട്ടുക.

ബ്ലാസ്റ്റേഴ്സിന്റെ കുന്തമുന സികെ വിനീതിനൊപ്പം ബെല്‍ഫോര്‍ട്ടും ഡങ്കന്‍ നാസോണും ഒന്നിക്കുന്നതോടെ കളം നിറയാന്‍ കൊച്ചിക്കാവും. വിങ്ങില്‍നിന്ന് സി.കെ. വിനീതിന്റെ മുന്നേറ്റങ്ങള്‍ക്ക് ഇവരിലൂടെ കൊല്‍ക്കത്തയുടെ പ്രതിരോധം തകര്‍ക്കാന്‍ കഴിയുമെന്നാണ് പരിശീലകന്‍ മുന്‍ ഇംഗ്ലണ്ട് താരം സ്റ്റീവ് കോപ്പലിന്റെ കണക്കുകൂട്ടല്‍. സി.കെ. വിനീത്, മുഹമ്മദ് റാഫി, റിനോ ആന്റോ എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയിലെ മലയാളികള്‍.

കൊച്ചി എതിര്‍നിരയില്‍ ഏറ്റവും ഭയപ്പെടുന്നത് കൊച്ചിയെ ശരിക്കറിയുന്ന, ആദ്യ സീസണില്‍ ഫൈനലിലേക്ക് കൈപിടിച്ച കാനഡക്കാരന്‍ ഇയാന്‍ ഹ്യൂമാണ്. ഹ്യൂമിനെ പിടിച്ചു കെട്ടിയാല്‍ കളിക്കളവും കപ്പും പിടിച്ചടക്കാമെന്ന് ബ്ലാസ്റ്റേഴ്‌സ് കണക്കാക്കുന്നു. ഒപ്പം കൊല്‍ക്കത്തയുടെ മാര്‍ക്വീ താരം ഹെല്‍ഡര്‍ പൊസ്റ്റീഗയും കേരളത്തിനു വെല്ലുവിലിയുയര്‍ത്തും. തുടര്‍ച്ചയായ ജയങ്ങളുടെ ആത്മവിശ്വാസത്തിലും 2014ല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ച് അത്ലറ്റിക്കോ കിരീടമേന്തിയതിന്റെ മുന്‍തൂക്കത്തിലും മുന്‍ സ്പാനിഷ് താരം ഹോസെ ഫ്രാന്‍സെസ്‌കോ മോളിനയുടെ തന്ത്രങ്ങളിലുമാണ് അത്ലറ്റിക്കോയുടെ മുന്നേറ്റം

ടിക്കറ്റുകള്‍ നേരത്തേ തീര്‍ന്നതിനാലും കരിഞ്ചന്തയില്‍ വില്‍പന നടക്കുന്നതിനാലും സംഘര്‍ഷ സാധ്യത വരെ സംഘാടകരും പോലീസും ഭയക്കുന്നു. ശക്തമായ സുരക്ഷ സ്റ്റേഡിയത്തിലും പരിസരങ്ങളിലും ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെത്തുന്ന കാണികള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുമുണ്ട്. എന്തു തന്നെയായാലും ഇതെന്നും കളിയുടെ മാറ്റു കുറക്കുന്നില്ല.