സാം വധക്കേസ്; അരുണ്‍ കമലാസനന്റെ ശിക്ഷാ കാലാവധി കുറച്ചു; സോഫിയയുടെ അപ്പീല്‍ തള്ളി

സാം വധക്കേസില് പ്രതിയായ അരുണ് കമലാസനന്റെ ശിക്ഷയില് ഇളവ്.
 | 
സാം വധക്കേസ്; അരുണ്‍ കമലാസനന്റെ ശിക്ഷാ കാലാവധി കുറച്ചു; സോഫിയയുടെ അപ്പീല്‍ തള്ളി

മെല്‍ബണ്‍: സാം വധക്കേസില്‍ പ്രതിയായ അരുണ്‍ കമലാസനന്റെ ശിക്ഷയില്‍ ഇളവ്. തടവ് ശിക്ഷയുടെ കാലാവധി 24 വര്‍ഷമായി വിക്ടോറിന്‍ സുപ്രീം കോടതി കുറച്ചു. അരുണിന് 20 വര്‍ഷത്തിന് ശേഷം പരോളിനും അര്‍ഹത ലഭിക്കും. നേരത്തേ 27 വര്‍ഷത്തെ തടവായിരുന്നു അരുണ്‍ കമലാസനന് വിധിച്ചിരുന്നത്. 23 വര്‍ഷത്തിന് ശേഷം മാത്രമേ പരോള്‍ ലഭിക്കുമായിരുന്നുള്ളു.

ശിക്ഷയില്‍ നേരിയ ഇളവ് നല്‍കിക്കൊണ് അപ്പീല്‍ അനുവദിച്ചെങ്കിലും താന്‍ കുറ്റക്കാരനല്ലെന്ന അരുണ്‍ കമലാസനന്റെ വാദം കോടതി തള്ളി. സാം ഏബ്രഹാമിന്റെ ഭാര്യയായ സോഫിയ നല്‍കിയ അപ്പീല്‍ കോടതി തള്ളുകയും ചെയ്തു. സോഫിയയ്ക്ക് 22 വര്‍ഷത്തെ തടവായിരുന്നു കോടതി വിധിച്ചത്. പരോള്‍ ലഭിക്കാന്‍ 18 വര്‍ഷത്തിന് ശേഷമേ അര്‍ഹത ലഭിക്കുകയുള്ളു.

കേസില്‍ ഒരുമിച്ച് വിചാരണ നടന്നത് നീതി നിഷേധമാണെന്നും താന്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കണമെന്നുമാണ് സോഫിയ അപ്പീലില്‍ ആവശ്യപ്പെട്ടത്. ഒരേ കുറ്റത്തിലാണ് ഇരുവരും പങ്കാളിയായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് അരുണ്‍ കമലാസനന്റെ ശിക്ഷ കോടതി കുറച്ചത്.

ഇരുവരുടെയും ജീവിത രീതിയും മറ്റു സാഹചര്യങ്ങളും സമാനമാണ്. അതിനാല്‍ അരുണിന് സോഫിയയെക്കാള്‍ 22 ശതമാനം കൂടുതല്‍ തടവ് ശിക്ഷ നല്‍കുന്നത് നീതിയുക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സാം ഏബ്രഹാം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന അരുണിന്റെ വാദവും കോടതി തള്ളി. ഈ വിധിക്കെതിരെ ഹൈക്കോടതിയില്‍ ഇനി അപ്പീല്‍ നല്‍കാനാകും.

സയനൈഡ് നല്‍കിയാണ് സാം ഏബ്രഹാമിനെ കൊലപ്പെടുത്തിയതെന്ന് രഹസ്യാേന്വഷണ ഉദ്യോഗസ്ഥരോട് അരുണ്‍ പറയുന്നതിന്റെ വീഡിയോ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ സാമ്പത്തിക നേട്ടത്തിനായി താന്‍ കള്ളം പറയുകയായിരുന്നു എന്നാണ് അരുണ്‍ കോടതിയില്‍ ഇതിനെ ന്യായീകരിച്ചത്.

ഈ കുറ്റസമ്മതം വ്യാജമാണെന്നും അത് പരിഗണിച്ചാണ് താന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതെന്നും അപ്പീലില്‍ അരുണ്‍ വ്യക്തമാക്കിയിരുന്നു.