ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് അധികൃതര്‍

ജെയിന് യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിനെതിരെ പ്രചരിക്കുന്ന വാര്ത്തകള് തെറ്റിദ്ധാരണാജനകമാണെന്ന് യൂണിവേഴ്സിറ്റി
 | 
ജെയിന്‍ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമെന്ന് അധികൃതര്‍

കൊച്ചി: ജെയിന്‍ യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് യൂണിവേഴ്സിറ്റി. വാര്‍ത്താക്കുറിപ്പിലാണ് യൂണിവേഴ്‌സിറ്റി ഇക്കാര്യം അറിയിച്ചത്. ക്യാമ്പസില്‍ നടത്തുന്ന കോഴ്സുകള്‍ അവസാനിപ്പിക്കാന്‍ യുജിസി നിര്‍ദ്ദേശിച്ചതായാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ അത്തരത്തില്‍ ഒരു നിര്‍ദ്ദേശവും യുജിസി നല്‍കിയിട്ടില്ല. കാമ്പസിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ യുജിസി വിദഗ്ദ്ധസംഘം ഡിസംബര്‍ ആദ്യ വാരം കാമ്പസ് സന്ദര്‍ശിക്കാനിരിക്കെയാണ് ഇത്തരം വാര്‍ത്തകള്‍ എന്നത് ഖേദകരമാണെന്നും യൂണിവേഴ്‌സിറ്റി അറിയിച്ചു.

വിദഗ്ധ സംഘത്തിന്റെ സന്ദര്‍ശനം സംബന്ധിച്ച് യൂണിവേഴ്സിറ്റിക്ക് യുജിസിയില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. അടച്ചു പൂട്ടാന്‍ ആവശ്യപ്പെട്ടെന്ന് പറയുന്ന ക്യാമ്പസ് പരിശോധിക്കാന്‍ യുജിസിക്ക് വിദഗ്ദ്ധസംഘത്തെ അയക്കേണ്ട കാര്യമില്ലല്ലോ എന്നും യൂണിവേഴ്‌സിറ്റി വിശദീകരിച്ചു. യുജിസി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ജെയിന്‍ യൂണിവേഴ്സിറ്റി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിദഗ്ദ്ധ സമിതിയുടെ സന്ദര്‍ശനമെന്നും യൂണിവേഴ്സിറ്റി വ്യക്തമാക്കി.

അക്കാദമിക പ്രവര്‍ത്തനം മാനിച്ച് 2018-ലാണ് ജെയിന്‍ യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള ഏതാനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി അധിക സ്വയംഭരണാവകാശം നല്‍കിയത്. ഇതിന്റെ ഭാഗമായി ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ കോഴ്സുകള്‍ ആരംഭിക്കാനും രാജ്യത്ത് എവിടെയെങ്കിലും രണ്ട് ഓഫ് ക്യാമ്പസുകള്‍ സ്ഥാപിക്കാനുമുള്ള അവകാശമുണ്ടെന്ന് യുജിസി വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ അധ്യാപകരുടെ സേവനം സ്വീകരിക്കാനും വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാനും വിദൂര പഠന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് പുറമേയുള്ള അക്കാദമിക സഹകരണത്തിനും യൂണിവേഴ്സിറ്റിക്ക് അധികാരമുണ്ട്. വസ്തുത ഇതായിരിക്കെ കാമ്പസില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും യൂണിവേഴ്സിറ്റി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.