കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ല; ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് ജലീല്‍

എന്ഐഎ ചോദ്യം ചെയ്യലിനിടെ മാധ്യമങ്ങളോട് വാട്സാപ്പില് പ്രതികരിച്ച് മന്ത്രി കെ.ടി.ജലീല്
 | 
കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ല; ചോദ്യം ചെയ്യലില്‍ പ്രതികരിച്ച് ജലീല്‍

കൊച്ചി: എന്‍ഐഎ ചോദ്യം ചെയ്യലിനിടെ മാധ്യമങ്ങളോട് വാട്‌സാപ്പില്‍ പ്രതികരിച്ച് മന്ത്രി കെ.ടി.ജലീല്‍. കുപ്രചരണങ്ങളില്‍ സത്യം തോല്‍പ്പിക്കപ്പെടില്ലെന്ന് ജലീല്‍ പറഞ്ഞു. പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അന്വേഷണം തീരുന്നത് വരെ മാത്രമേ ആയുസ് ഉണ്ടാകൂ. ലോകം മുഴുവന്‍ എതിര്‍ത്താലും സത്യം സത്യമല്ലാതാവില്ലെന്നും ആരും വേവലാതിപ്പെടേണ്ടെന്നും മന്ത്രി പ്രതികരിച്ചു.

ഞാന്‍ സത്യമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തില്‍ തൊട്ട് സത്യം ചെയ്യാനുള്ള എന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ ലീഗ് തയ്യാറുണ്ടോ? കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി നേതാക്കളെപ്പോലെയാണ് എല്ലാവരുമെന്ന് ധരിക്കരുതെന്നും ജലീല്‍ പറഞ്ഞു. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ വ്യക്തിവിവരങ്ങളാണ് ചോദിച്ചറിഞ്ഞതെന്നും സൂചനയുണ്ട്.

പുലര്‍ച്ചെ 6 മണിയോടെയാണ് ജലീല്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. സിപിഎം മുന്‍ എംഎല്‍എ എ.എം.യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. ചോദ്യം ചെയ്യുന്നതിനായി മന്ത്രിക്ക് എന്‍ഐഎ നോട്ടീസ് നല്‍കിയിരുന്നു.