ശബരിമലയുടെ ഓളം കഴിഞ്ഞു; റേറ്റിംഗില്‍ ജനം ടിവി 6-ാം സ്ഥാനത്ത്

ശബരിമല വിധിയുടെയും സ്ത്രീപ്രവേശനത്തിന്റെയും പശ്ചാത്തലത്തില് റേറ്റിംഗ് കുതിപ്പ് നടത്തിയ ജനം ടിവി വീണ്ടും പിന്നില്.
 | 
ശബരിമലയുടെ ഓളം കഴിഞ്ഞു; റേറ്റിംഗില്‍ ജനം ടിവി 6-ാം സ്ഥാനത്ത്

കൊച്ചി: ശബരിമല വിധിയുടെയും സ്ത്രീപ്രവേശനത്തിന്റെയും പശ്ചാത്തലത്തില്‍ റേറ്റിംഗ് കുതിപ്പ് നടത്തിയ ജനം ടിവി വീണ്ടും പിന്നില്‍. ശബരിമല വിവാദ കാലത്ത് ന്യൂസ് ചാനലുകളുടെ റേറ്റിംഗില്‍ രണ്ടാം സ്ഥാനം വരെ എത്തിയിരുന്ന ബിജെപി ചാനല്‍ ഓഗസ്റ്റ് മാസത്തെ ബാര്‍ക് റേറ്റിംഗ് അനുസരിച്ച് ആറാം സ്ഥാനത്താണ്. വെറും 28.19 ശതമാനം മാത്രമാണ് ചാനലിന്റെ നിലവിലെ റേറ്റിംഗ്. 112.87 ശതമാനവുമായി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. മനോരമ ന്യൂസിനാണ് രണ്ടാം സ്ഥാനം. മാതൃഭൂമി ന്യൂസ് മൂന്നാം സ്ഥാനത്തും ന്യൂസ് 18 കേരള, ട്വന്റിഫോര്‍ ന്യൂസ് എന്നിവ നാലും അഞ്ചും സ്ഥാനങ്ങളിലും എത്തി.

ശബരിമലയുടെ ഓളം കഴിഞ്ഞു; റേറ്റിംഗില്‍ ജനം ടിവി 6-ാം സ്ഥാനത്ത്

കാലങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് ആണ് മലയാളം ന്യൂസ് ചാനല്‍ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ് എന്നിവ മാറി മാറി സ്വന്തമാക്കാറുള്ള രണ്ടാം സ്ഥാനം 2018 ഒക്ടോബറിലാണ് ജനം ടിവി സ്വന്തമാക്കിയത്. 2018 ഒക്ടോബര്‍ 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ 102.24 ശതമാനം ഇംപ്രഷനുമായാണ് ജനം ടിവി രണ്ടാം സ്ഥാനത്തെത്തിയത്. 180.24 ശതമാനവുമായി ഏഷ്യാനെറ്റ് ന്യൂസ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്.

ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരായ നിലപാട് സ്വീകരിച്ച ജനം ടിവി വിധിക്ക് ശേഷം മണ്ഡല-മകരവിളക്ക് കാലം അവസാനിക്കുന്നത് വരെ റേറ്റിംഗില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന്‍ ഉണ്ടായിരുന്നുവെന്ന വ്യാജവാര്‍ത്തയും മണ്ഡല കാലത്ത് ജനം ടിവി പുറത്തുവിട്ടിരുന്നു. യുവതീ പ്രവേശനത്തിനെതിരെ നിരന്തരം നല്‍കിയ വാര്‍ത്തകള്‍ ജനങ്ങളെ ആകര്‍ഷിച്ചതിന് തെളിവായിരുന്നു റേറ്റിംഗിലെ കുതിപ്പ്.

2015 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിച്ച ജനം ടിവിക്ക് ലഭിച്ച ഏറ്റവും വലിയ റേറ്റിംഗായിരുന്നു കഴിഞ്ഞ വര്‍ഷമുണ്ടായത്. ശബരിമല വിവാദ കാലത്തിന് മുമ്പോ അതിന് ശേഷമോ ഈ കുതിപ്പ് നിലനിര്‍ത്താന്‍ ചാനലിന് കഴിഞ്ഞില്ല. ശബരിമലയില്‍ മണ്ഡലകാലം അവസാനിച്ചതോടെ റേറ്റിംഗില്‍ വീഴ്ച തുടങ്ങുകയായിരുന്നു. നിലവില്‍ മീഡിയ വണ്‍, കൈരളി പീപ്പിള്‍ എന്നീ ചാനലുകള്‍ മാത്രമാണ് ജനത്തിന് പിന്നിലുള്ളത്.