യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസ്; ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

യുഎന്എ സാമ്പത്തിക തട്ടിപ്പ് കേസില് ജാസ്മിന് ഷാ ഉള്പ്പെടെ നാല് പേര് അറസ്റ്റില്.
 | 
യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസ്; ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍

യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ദേശീയ അധ്യക്ഷനായ ജാസ്മിന്‍ ഷാ, മറ്റു പ്രതികളായ ഷോബി, നിതിന്‍, ജിത്തു എന്നിവരാണ് അറസ്റ്റിലായത്. ജാസ്മിന്‍ ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളെ തൃശൂരില്‍ നിന്നാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

സംഘടനയുടെ ഫണ്ടില്‍ നിന്ന് മൂന്നരക്കോടി രൂപയുടെ അഴിമതി നടന്നതായി മുന്‍ വൈസ് പ്രസിഡന്റ് സി.ബി.മുകേഷ് പരാതി നല്‍കുകയായിരുന്നു. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ അക്കൗണ്ടിലേക്ക് വന്ന തുക കാണാനില്ലെന്നായിരുന്നു പരാതി. ഇക്കാലയളവില്‍ 3 കോടി 71 ലക്ഷം രൂപ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ 2019 ജനുവരി 31 ന് പ്രസ്തുത അക്കൗണ്ടിലെ നീക്കിയിരിപ്പ് 8,55,408 രൂപ മാത്രമായിരുന്നു. അംഗത്വ ഫീസിനത്തില്‍ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങള്‍ക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുള്ള നാലു അക്കൗണ്ടുകളില്‍ എത്തിയിട്ടില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ലെന്ന് തൃശൂര്‍ ക്രൈംബ്രാഞ്ച് അറിയിച്ചു. ഇതിനെതിരെ പരാതികള്‍ ഉയര്‍ന്നതോടെ ക്രെം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.