കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം: സ്‌കൂൾ തുറക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്

കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന പരാതിയെ തുടർന്ന് അടച്ച ജവഹർ ഇംഗ്ലീഷ് മീഡിയം സ്കൂൾ തുറക്കാൻ അനുമതി. വിദ്യാഭ്യാസ മന്ത്രി അബ്ദുറബിന്റെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
 | 
കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവം: സ്‌കൂൾ തുറക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്

തിരുവനന്തപുരം: കുട്ടിയെ പട്ടിക്കൂട്ടിലടച്ചെന്ന പരാതിയെ തുടർന്ന് അടച്ച ജവഹർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ തുറക്കാൻ അനുമതി. വിദ്യാഭ്യാസ മന്ത്രി അബ്ദുറബിന്റെ നിർദ്ദേശത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. സ്‌കൂൾ അടച്ച് പൂട്ടികൊണ്ടുളള അഡീഷണൽ ഡി.പി.ഐയുടെ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവ്. കുട്ടികളുടെ ഭാവിയെ കരുതിയാണ് തീരുമാനമെന്ന് അബ്ദുറബ് വ്യക്തമാക്കി.

രക്ഷിതാക്കളും സ്‌കൂൾ മാനേജ്‌മെന്റും വിദ്യാഭ്യാസ വകുപ്പിന് നൽകിയ അപ്പീൽ പരിഗണിച്ചാണ് സ്‌കൂൾ തുറക്കാൻ സർക്കാർ അനുമതി നൽകിയത്. കഴിഞ്ഞ ദിവസം സ്‌കൂൾ തുറക്കാൻ മുഖ്യമന്ത്രിയും നിർദേശം നൽകിയിരുന്നു. എന്നാൽ 20 വർഷമായി കുടപ്പനക്കുന്ന് പാതിരപ്പളളിയിൽ പ്രവർത്തിക്കുന്ന ജവഹർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് അടിസ്ഥാന സൗകര്യങ്ങളും അംഗീകാരവുമില്ലെന്ന് ഡി.പി.ഐ വ്യക്തമാക്കിയിരുന്നു.

ക്ലാസിൽ സംസാരിച്ചതിന്റെ പേരിൽ യു.കെ.ജി വിദ്യാർത്ഥിയെ പ്രധാനാധ്യാപിക പട്ടിക്കൂട്ടിലടച്ച സംഭവത്തെ തുടർന്ന് കഴിഞ്ഞ 30-നാണ് സ്‌കൂൾ പൂട്ടിയത്. എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെയുള്ള 123 കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്.