മനോരമയ്‌ക്കെതിരെ മന്ത്രി ജയരാജന്റെ ഭാര്യ പ്രസ് കൗണ്‍സിലില്‍ പരാതി നല്‍കി

മലയാള മനോരമയ്ക്കെതിരെ പ്രസ് കൗണ്സില് ഓഫ് ഇന്ത്യക്ക് പരാതി നല്കി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര.
 | 
മനോരമയ്‌ക്കെതിരെ മന്ത്രി ജയരാജന്റെ ഭാര്യ പ്രസ് കൗണ്‍സിലില്‍ പരാതി നല്‍കി

തിരുവനന്തപുരം: മലയാള മനോരമയ്‌ക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ.ഇന്ദിര. ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങി ബാങ്ക് ലോക്കര്‍ തുറന്നുവെന്നും ഇടപാട് ദുരൂഹമാണെന്നും കാട്ടിയുള്ള വാര്‍ത്തയ്‌ക്കെതിരെയാണ് പരാതി. സെപ്റ്റംബര്‍ 14ന് പത്രത്തിലും ഓണ്‍ലൈനിലും വന്ന വാര്‍ത്ത വ്യാജമാണെന്ന് കാട്ടിയാണ് ഇന്ദിര പരാതി നല്‍കിയിരിക്കുന്നത്. തന്നെയും കുടുംബത്തെയും അപമാനിക്കാന്‍ ഉദ്ദേശിച്ചാണ് ഈ വാര്‍ത്ത നല്‍കിയിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ മനോരമയോ വാര്‍ത്ത നല്‍കിയ ലേഖികയോ തന്നില്‍ നിന്ന് വിശദീകരണം തേടിയിട്ടില്ലെന്നും പരാതിയില്‍ അവര്‍ വ്യക്തമാക്കി.

മലയാള മനോരമ പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ ജേക്കബ് മാത്യു, ചീഫ് എഡിറ്റര്‍ മാമന്‍ മാത്യു, മാനേജിംഗ് എഡിറ്റര്‍ ജേക്കബ് മാത്യു, റിപ്പോര്‍ട്ടര്‍ കെ.പി. സഫീന എന്നിവര്‍ക്കെതിരെയാണ് പരാതി. തെറ്റിദ്ധാരണ പരത്തുന്നതും വായനക്കാരില്‍ അനാവശ്യ സംശയം ജനിപ്പിക്കുന്നതുമാണ് വാര്‍ത്തയെന്നും കൊവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം ഇല്ലാത്തതിനാല്‍ താന്‍ ഒരിക്കലും ക്വാറന്റീനില്‍ ആയിരുന്നില്ലെന്നും ഇന്ദിര വിശദീകരിക്കുന്നു.

അതുകൊണ്ടുതന്നെ ക്വാറന്റീന്‍ ലംഘിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. എന്നാല്‍, മനഃപൂര്‍വം ക്വാറന്റീന്‍ ലംഘിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന് കാണിക്കാനാണ് പത്രം വാര്‍ത്തയിലൂടെ ശ്രമിച്ചത്. ഇത് ദുരുദ്ദേശപരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പത്രം പ്രവര്‍ത്തിച്ചതെന്നും അവര്‍ പറഞ്ഞു.