രഹസ്യമൊഴി നല്‍കിയ സാക്ഷിയോട് കൂടത്തായി പ്രതി ജോളി സംസാരിച്ചു; ഗുരുതര വീഴ്ച

രഹസ്യമൊഴി നല്കിയ സാക്ഷിയോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി സംസാരിച്ചത് ഗുരുതര പിഴവ്.
 | 
രഹസ്യമൊഴി നല്‍കിയ സാക്ഷിയോട് കൂടത്തായി പ്രതി ജോളി സംസാരിച്ചു; ഗുരുതര വീഴ്ച

കോഴിക്കോട്: രഹസ്യമൊഴി നല്‍കിയ സാക്ഷിയോട് കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി സംസാരിച്ചത് ഗുരുതര പിഴവ്. കോടതിയില്‍ വെച്ചാണ് കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുവായ പി.എച്ച്. ജോസഫ് ഹില്ലാരിയോസുമായി ജോളി സംസാരിച്ചത്. ക്രിമിനല്‍ നടപടിച്ചട്ടം 164 വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെ ജോളിക്കെതിരെ രഹസ്യമൊഴി നല്‍കിയ സാക്ഷിയാണ് ജോസഫ് ഹില്ലാരിയോസ്. വനിതാ പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു സംസാരം.

റിമാന്‍ഡ് പ്രതിക്ക് സാക്ഷിയുമായി സംസാരിക്കാന്‍ അനുമതി നല്‍കിയതില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. സിറ്റി സ്‌റ്റേഷന്‍ പരിധിയിലെ പോലീസുകാരായിരുന്നു പ്രതിക്ക് ഒപ്പമുണ്ടായിരുന്നത്. സംഭവത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറോട് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ വിശദീകരണം തേടും.

സിലി വധക്കേസില്‍ റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി ജോളിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു സംഭവം. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ടപ്പോള്‍ ജോസഫ് ഹില്ലാരിയോസായിരുന്നു സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പോലീസില്‍ പരാതിനല്‍കിയത്.