കടുത്ത നടപടിയെടുത്ത് യുഡിഎഫ്; ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കി

കേരള കോണ്ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി.
 | 
കടുത്ത നടപടിയെടുത്ത് യുഡിഎഫ്; ജോസ് കെ.മാണി വിഭാഗത്തെ പുറത്താക്കി

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് നടപടി. പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ജോസ് വിഭാഗം തയ്യാറായിരുന്നില്ല. യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം ജോസ് വിഭാഗം ധിക്കരിച്ചുവെന്നും വിഭാഗത്തിന് ഇനി മുന്നണിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു.

എല്ലാ മാന്യതയും നല്‍കി യുഡിഎഫ് നേതൃത്വം ചര്‍ച്ചകള്‍ നടത്തിയിട്ടും ജോസ് വിഭാഗം ധാരണ പാലിച്ചില്ലെന്നും ബെഹനാന്‍ പറഞ്ഞു. എന്നാല്‍ നടപടി ഏകപക്ഷീയമാണെന്ന് ജോസ് വിഭാഗം പ്രതികരിച്ചു. ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിലാണ് തീരുമാനമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് ഇതിന്റെ ഫലം അനുഭവിക്കുമെന്നും തങ്ങളുടെ കരുത്ത് എന്തെന്ന് യുഡിഎഫ് അറിയാനിരിക്കുന്നതേയുള്ളുവെന്നും ജോസ് വിഭാഗം പറയുന്നു.

ഇന്ന് വൈകിട്ട് ചേരുന്ന യോഗത്തിന് ശേഷം ജോസ് കെ.മാണി മാധ്യമങ്ങളെ കാണും. യുഡിഎഫ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസഫ് വിഭാഗം അറിയിച്ചു. ഇത് നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.