തെറ്റയിലിനെ കുടുക്കിയതിന് പണം നൽകിയില്ല; യുവതി കോൺഗ്രസ് നേതാവിന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പു നടത്തി

ജോസ്തെറ്റയിൽ എം.എൽ.എയ്ക്കെതിരേ വീഡിയോ ദൃശ്യം പുറത്തുവിട്ട സ്ത്രീ കരാർ പ്രകാരമുള്ള തുക ലഭിച്ചില്ലെന്ന പരാതിയുമായി പട്ടാമ്പിയിലെ കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി കുത്തിയിരിപ്പു നടത്തി. രണ്ടുദിവസം നേതാവിന്റെ വീടിനു മുന്നിലിരുന്ന സ്ത്രീയെ ചൊവ്വാഴ്ച പോലീസ് പിടികൂടി നാടുകടത്തിയെന്ന് മംഗളം ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.
 | 
തെറ്റയിലിനെ കുടുക്കിയതിന് പണം നൽകിയില്ല; യുവതി കോൺഗ്രസ് നേതാവിന്റെ വീടിനു മുന്നിൽ കുത്തിയിരിപ്പു നടത്തി

കൊച്ചി: ജോസ്‌തെറ്റയിൽ എം.എൽ.എയ്‌ക്കെതിരേ വീഡിയോ ദൃശ്യം പുറത്തുവിട്ട സ്ത്രീ കരാർ പ്രകാരമുള്ള തുക ലഭിച്ചില്ലെന്ന പരാതിയുമായി പട്ടാമ്പിയിലെ കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി കുത്തിയിരിപ്പു നടത്തി. രണ്ടുദിവസം നേതാവിന്റെ വീടിനു മുന്നിലിരുന്ന സ്ത്രീയെ ചൊവ്വാഴ്ച പോലീസ് പിടികൂടി നാടുകടത്തിയെന്ന് മംഗളം ദിനപ്പത്രം റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെയാണ് ഇവർ കോൺഗ്രസ് നേതാവിന്റെ വീടിന് മുന്നിലെത്തിയത്. അന്ന് വൈകിട്ട് വൈകിട്ട് വരെ കാത്തിരുന്നിട്ടും നേതാവ് കാണാൻ കൂട്ടാക്കിയിരുന്നില്ല. ഇവരുടെ കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. യുവതിയുടെ ഭർത്താവ് എന്നാണ് അയാളെ പരിചയപ്പെടുത്തിയത്. അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്താണു പ്രമുഖ കോൺഗ്രസ് നേതാക്കൾ തന്നെക്കൊണ്ട് ഈ പണി ചെയ്യിച്ചതെന്നും വാഗ്ദാനം ചെയ്ത തുകയുടെ പകുതിപോലും നൽകിയില്ലെന്നും സ്ത്രീ ആരോപിച്ചു. നേതാവ് സ്ഥലത്തില്ലെന്നു വീട്ടുകാർ അറിയിച്ചിട്ടും സ്ത്രീ മടങ്ങാൻ കൂട്ടാക്കിയില്ല. സംഭവമറിഞ്ഞു സ്ഥലത്തെത്തിയ പട്ടാമ്പി എസ്.ഐ. ഇവരെ കസ്റ്റഡിയിലെടുത്തു ഷൊർണൂർ ഡിവൈ.എസ്.പി. ഓഫീസിൽ എത്തിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

പിന്നീട് ഷൊർണൂർ ഡിവൈഎസ്പി ഓഫീസിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് സംഭവം ഒത്തുതീർപ്പാക്കിയെന്നും റിപ്പോർട്ടുണ്ട്. മാധ്യമ പ്രവർത്തകരെത്തിയെങ്കിലും ഇവരെ കാണിക്കാനോ സംഭവം സ്ഥിരീകരിക്കാനോ പോലീസ് തയാറായില്ല. ഉച്ചക്ക് രണ്ടുമണിയോടെ ആരുമറിയാതെ അവരെ നാട്ടിലേക്കു കയറ്റിവിട്ടു. നേതാവിന്റെ വീട്ടിൽ രണ്ടുദിവസം സ്ത്രീ എത്തിയെന്നും വീട്ടുകാർക്കു പരാതിയില്ലാത്തതിനാൽ വിട്ടയെച്ചെന്നും ഷൊർണൂർ ഡിവൈ.എസ്.പി. പിന്നീട് പറഞ്ഞു.