പാലായില്‍ കേരള കോണ്‍ഗ്രസ് വിമതനും; ജോസഫ് ഗ്രൂപ്പ് നേതാവ് പത്രിക നല്‍കി

പാലാ മണ്ഡലത്തില് ജോസഫ് വിഭാഗം വിമത സ്ഥാനാര്ത്ഥിയെ നിര്ത്തി.
 | 
പാലായില്‍ കേരള കോണ്‍ഗ്രസ് വിമതനും; ജോസഫ് ഗ്രൂപ്പ് നേതാവ് പത്രിക നല്‍കി

പാലാ: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന നിമിഷവും സ്ഥാനാര്‍ത്ഥി പ്രതിസന്ധിയില്‍ കേരള കോണ്‍ഗ്രസ്. പാലാ മണ്ഡലത്തില്‍ ജോസഫ് വിഭാഗം വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. പത്രിക സമര്‍പ്പിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കേയാണ് കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. നിലവില്‍ ജോസ് കെ. മാണി വിഭാഗം നേതാവായ ജോസ് ടോം ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും പത്രിക നല്‍കിയിട്ടുണ്ട്. പി.ജെ.ജോസഫ് ഇടഞ്ഞ് നില്‍ക്കുന്നതിനാല്‍ രണ്ടില ചിഹ്നം ലഭിക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പമുള്ളതിനാലാണ് ഇങ്ങനെയൊരു നീക്കം നടത്തിയത്. എന്നാല്‍ അതിനിടെയാണ് ജോസഫ് വിഭാഗം അപ്രതീക്ഷിത നീക്കം നടത്തി സ്ഥാനാര്‍ത്ഥിയുമായി രംഗത്തെത്തിയത്. പാലായിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളും പി.ജെ.ജോസഫിന്റെ പിഎയും പത്രിക സമര്‍പ്പിക്കാന്‍ ജോസഫ് കണ്ടത്തിലിന്റെ ഒപ്പമുണ്ടായിരുന്നു.

എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിക്കില്ലെന്നാണ് ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് താന്‍ പത്രിക നല്‍കിയിരിക്കുന്നതെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നുമാണ് ജോസഫ് കണ്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ചിഹ്നം അനുവദിക്കുന്ന വിഷയത്തില്‍ വ്യാഴാഴ്ച നിര്‍ണായക ദിവസമാണ്. രണ്ടിലയ്ക്ക് വേണ്ടി പോരാട്ടം തുടരുമെന്നാണ് ജോസ് കെ. മാണി വ്യക്തമാക്കിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ വരണാധികാരിക്ക് മുന്നില്‍ ഒരു വാക്കുതര്‍ക്കം ഉണ്ടായാല്‍ ചിഹ്നം വിട്ടുകൊടുക്കാതിരിക്കാന്‍ സാധൂകരണത്തിനായാണ് ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നാണ് കരുതുന്നത്. ചിഹ്നം അനുവദിക്കുന്നതിനായി ഇന്ന് മൂന്ന് മണിക്ക് മുമ്പായി പാര്‍ട്ടി ചെയര്‍മാന്റെ കത്ത് ഹാജരാക്കണമെന്ന് ജോസ് ടോമിനോട് വരണാധികാരി ആവശ്യപ്പെട്ടിരുന്നു.