വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

വാളയാര് കേസില് ജുഡീഷ്യല് അന്വേഷണം പ്രഖ്യാപിച്ച് സര്ക്കാര്.
 | 
വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. വിരമിച്ച ജഡ്ജി എസ്.ഹനീഫയായിരിക്കും അന്വേഷണം നടത്തുക. വാളയാര്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഫയലില്‍ സ്വീകരിച്ചിരുന്നു.

കേസന്വേഷണത്തില്‍ പോലീസ് ഗുരുതര വീഴ്ചയാണ് വരുത്തിയതെന്നും സ്വാഭാവിക മരണമെന്ന നിലയിലാണ് കേസ് അന്വേഷിച്ചതെന്നും വ്യക്തമാക്കിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്തിമ റിപ്പോര്‍ട്ട് ലാഘവത്തോടെയാണ് സമര്‍പ്പിച്ചതെന്നും കൂറുമാറിയ സാക്ഷികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുത്തില്ലെന്നും അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

വാളയാറില്‍ സഹോദരിമാര്‍ മരിച്ച കേസില്‍ തെളിവുകളുടെ അഭാവത്തിലാണ് മൂന്ന് പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടത്. ഇവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി തീരുമാനിച്ചു. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.