ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ല, നീതി ഇങ്ങനെയായിരുന്നില്ല നടപ്പാക്കേണ്ടതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

ഹൈദരാബാദ് ബലാല്സംഗ കൊലപാതകക്കേസിലെ പ്രതികളെ ഏറ്റുമുട്ടലില് വധിച്ച നടപടിക്കെതിരെ ജസ്റ്റിസ് കെമാല് പാഷ.
 | 
ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ല, നീതി ഇങ്ങനെയായിരുന്നില്ല നടപ്പാക്കേണ്ടതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ഹൈദരാബാദ് ബലാല്‍സംഗ കൊലപാതകക്കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച നടപടിക്കെതിരെ ജസ്റ്റിസ് കെമാല്‍ പാഷ. അതൊരു ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ലെന്നും നീതി ഇങ്ങനെയായിരുന്നില്ല നടപ്പാക്കേണ്ടതെന്നും ജസ്റ്റിസ് കെമാല്‍ പാഷ പ്രതികരിച്ചു. നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ തന്നെയാണ് അവര്‍ക്ക് ലഭിക്കേണ്ടത്. എല്ലാ മനുഷ്യരും ആഗ്രഹിക്കുന്ന ശിക്ഷ തന്നെയാണ് അവര്‍ക്ക് ലഭിച്ചത്.

എന്നാല്‍ വിചാരണ ചെയ്ത് കുറ്റം തെളിഞ്ഞ ശേഷമാണ് അവരെ ശിക്ഷിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാന പോലീസ് ചെയ്തത് ജനങ്ങള്‍ വൈകാരികമായി പ്രതികരിക്കുന്നതിന് തുല്യമാണ്. നിയമവാഴ്ചയ്ക്കും നീതിന്യായ വ്യവസ്ഥയ്ക്കും എതിരാണ് ഈ നടപടി. പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല ഇതെന്നും പോലീസിന് വിചാരണ നടത്തി ശിക്ഷ വിധിക്കാന്‍ അനുമതി നല്‍കിയത് പോലെയായി ഇതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നീതിന്യായ വ്യവസ്ഥ പരാജയപ്പെടുന്ന സംഭവങ്ങളുമുണ്ട്. ഇത്തരം പ്രതികള്‍ നമ്മുടെ ചെലവില്‍ ജയിലില്‍ തടിച്ചുകൊഴുത്ത് കഴിയുന്നതില്‍ പരാതിയുള്ള ആളാണ് താനെന്നും ജസ്റ്റിസ് കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.