സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാവണം താനെന്ന് പിണറായി തീരുമാനിച്ചിട്ടുണ്ട്; കെ. മുരളീധരന്‍

കേരളത്തില് മാത്രമാണ് മാക്സിസ്റ്റ് പാര്ട്ടി അവശേഷിക്കുന്നത്. സംസ്ഥാനത്ത് കൂടി സിപിഎമ്മിന്റെ അടിയന്തിരം കണ്ടിട്ടേ പിണറായി വിജയന് പോകൂ. സംഘടനാപരമായ കെട്ടുറപ്പിന് വേണ്ടി പൂര്ണമായ പുനഃസംഘടന ആവശ്യമാണെന്ന് മുരളീധരന് പറഞ്ഞു.
 | 
സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാവണം താനെന്ന് പിണറായി തീരുമാനിച്ചിട്ടുണ്ട്; കെ. മുരളീധരന്‍

തൃശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ പ്രതികരണവുമായി വടകര ലോക്‌സഭാ മണ്ഡലം എം.പി കെ. മുരളീധരന്‍. സിപിഎമ്മിന്റെ അവസാനത്തെ മുഖ്യമന്ത്രിയാവണം താനെന്ന് പിണറായി വിജയന്‍ തീരുമാനിച്ചു കഴിഞ്ഞു. ഇനി ആര് പറഞ്ഞാലും അക്കാര്യത്തില്‍ മാറ്റം വരാന്‍ പോകുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. നേരത്തെ പിണറായി വിജയന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.

2004ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു സീറ്റ് പോലും കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. അന്ന് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി രാജിവെച്ചിരുന്നു. അതൊരു ജനാധിപത്യ മാതൃകയായിരുന്നു. പിണറായിക്ക് വേണമെങ്കില്‍ അത് പിന്തുടരാം. അദ്ദേഹത്തിന് അത്തരം മാതൃകകള്‍ ഒന്നും പരിചയം ഇല്ലാത്തത് കൊണ്ട് താന്‍ അത് പ്രതീക്ഷിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കേരളത്തില്‍ മാത്രമാണ് മാക്‌സിസ്റ്റ് പാര്‍ട്ടി അവശേഷിക്കുന്നത്. സംസ്ഥാനത്ത് കൂടി സിപിഎമ്മിന്റെ അടിയന്തിരം കണ്ടിട്ടേ പിണറായി വിജയന്‍ പോകൂ. സംഘടനാപരമായ കെട്ടുറപ്പിന് വേണ്ടി പൂര്‍ണമായ പുനഃസംഘടന ആവശ്യമാണെന്ന് മുരളീധരന്‍ പറഞ്ഞു. നേരത്തെ തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കുമെന്നും ഇത് താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം.