ഡാഷ് എന്ന് വിളിക്കേണ്ടത് അവനവനെത്തന്നെ; പിണറായിയെ വിമര്‍ശിച്ച് കെ.സുധാകരന്‍

ഡാഷ് പരാമര്ശത്തില് മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്ശിച്ച് കണ്ണൂര് എംപിയും കോണ്ഗ്രസ് നേതാവുമായ കെ.സുധാകരന്.
 | 
ഡാഷ് എന്ന് വിളിക്കേണ്ടത് അവനവനെത്തന്നെ; പിണറായിയെ വിമര്‍ശിച്ച് കെ.സുധാകരന്‍

കണ്ണൂര്‍: ഡാഷ് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കണ്ണൂര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ.സുധാകരന്‍. ഡാഷ് എന്നത് പിണറായി അവനവനെത്തന്നെ വിളിക്കേണ്ട പേരാണെന്ന് സുധാകരന്‍ പറഞ്ഞു. ഇത്തരം പദപ്രയോഗങ്ങള്‍ ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഉണ്ടാകുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല മുഖ്യമന്ത്രി നടത്തുന്നതെന്നും സുധാകരന്‍ പറഞ്ഞു.

ബിജെപിയില്‍ ചേക്കേറിയ കോണ്‍ഗ്രസുകാരെ പരിഹസിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡാഷ് പ്രയോഗം നടത്തിയത്. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയേപ്പോലെ കുറേ…പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ ആദ്യമേ പറയുന്നതാണ്. അവര്‍ എപ്പോഴാണ് ബിജെപിയിലേക്ക് ചേക്കേറുക എന്ന് പറയാന്‍ പറ്റില്ല. ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് ആളെക്കൊടുക്കലാണ് കോണ്‍ഗ്രസിന്റെ പണിയെന്ന് സിപിഎം നേരത്തേ പറഞ്ഞതാണ്. കോണ്‍ഗ്രസിന്റെ അപചയത്തില്‍ സഹതാപമുണ്ട്. നേതൃത്വം പോലുമില്ലാത്ത അനാഥാവസ്ഥയിലാണ് കോണ്‍ഗ്രസെന്നും പിണറായി പറഞ്ഞിരുന്നു.