Monday , 25 June 2018
News Updates

ദിലീപ് കേസ്; പിണറായിയുടെ പോലീസില്‍ സംശയം പ്രകടിപ്പിച്ച് കൈരളി ചാനല്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍

തിരുവനന്തപുരം: ദിലീപ് കേസില്‍ പോലീസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന കുറിപ്പുമായി കൈരളി- പീപ്പിള്‍ ചാനല്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് എടപ്പാള്‍ രംഗത്ത്. ദിലീപിന് അനുകൂലമായി ഇടത് സഹയാത്രികനായ സെബാസ്റ്റ്യന്‍ പോള്‍ എഡിറ്റോറിയല്‍ എഴുതിയതിന് തൊട്ട് പിന്നാലെയാണ് രാജീവിന്റെ അഭിപ്രായ പ്രകടനം. പോലീസ് വേര്‍ഷനേക്കുറിച്ച് സെബാസ്റ്റിയന്‍ പോള്‍ പറയുന്നത് സത്യമാണെന്നാണ് രാജീവ് പറയുന്നത്. 17 വര്‍ഷത്തെ മാധ്യമ പ്രവര്‍ത്തനം കൊണ്ട് ഉത്തമ ബോധ്യമുള്ള കാര്യമാണിതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘കയറും കടിഞ്ഞാണുമില്ലാതെ മുന്നേറുന്ന പൊലീസിനെ നിയന്ത്രിക്കണ’മെന്നായിരുന്നു സെബാസ്റ്റ്യന്‍ പോള്‍ തന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നത്.

പൊലീസ് പറയുന്നത് വിശ്വസിക്കരുത്. ദിലീപിനെതിരെ പ്രതികൂല തരംഗം സൃഷ്ടിക്കുന്നതിന് മാധ്യമങ്ങളെ പൊലീസ് നന്നായി ഉപയോഗിക്കുന്നുണ്ടെന്നും ആദ്ദേഹം ലേഖനത്തില്‍ ആരോപിച്ചിരുന്നു. പിണറായി വിജയന്റെ കീഴിലുള്ള പോലീസ് വകുപ്പിനെതിരെയുള്ള ഈ വിമര്‍ശനം കൈരളി ടി.വിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററും പങ്കുവയ്ക്കുന്നത് വിരോധാഭാസമാണ്.

സെബാസ്റ്റിയന്‍ പോളിന്റെ ലേഖനത്തോട് വിമര്‍ശനമുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍ എന്ത് കാര്യത്തിലാണ് വിമര്‍ശനമെന്ന് രാജിവ് പറയുന്നില്ല. ചെറുകുറിപ്പിന്റെ ബാക്കി ഭാഗങ്ങളിലെല്ലാം സെബാസ്റ്റ്യന്‍ പോളിനെ ന്യായീകരിക്കാനാണ് രാജീവ് ശ്രമിക്കുന്നത്. കൈരളിയുടെ പ്രോഗ്രാം ഡയറക്ടര്‍ പി.ഒ.മോഹനനും ദിലീപിനെ ന്യായീകരിക്കുന്ന ഫേസ്‌പോസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം വിവാദമായിട്ടും കൈരളി വാര്‍ത്ത നല്‍കാതിരുന്നതും സോഷ്യല്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

വടക്കാഞ്ചേരി പീഡന വാര്‍ത്തയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ രാജീവ് എടപ്പാളിനെ കൈരളി ചാനല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയേയും സര്‍ക്കാരിനേയും ദോഷകരമായി ബാധിച്ച ആ വിവാദം സൃഷ്ടിച്ച വെബ്‌സൈറ്റിന് പിന്നില്‍ രാജീവ് ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട് എന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. പിണറായി വിജയന്‍ നയിക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ പാര്‍ട്ടി ചാനലായ കൈരളിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രംഗത്തെത്തിയത് പാര്‍ട്ടിയില്‍ ചര്‍ച്ചയാവുമെന്നുറപ്പ്.

രാജീവ് എടപ്പാളിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഡോ.സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനത്തോട് വിയോജിപ്പുണ്ട്. എന്നാല്‍ അദ്ദേഹത്തെ വേട്ടയാടാന്‍ ചിലര്‍ കാണിക്കുന്ന ഉത്സാഹത്തോടും അതേപോലെ വിയോജിപ്പുണ്ട്. ‘പൊലീസ് വേര്‍ഷനെ’ കുറിച്ച് അദ്ദേഹം വിലയിരുത്തിയത് സത്യമാണെന്നത് 17 വര്‍ഷക്കാലത്തെ മാധ്യമപ്രവര്‍ത്തന ജോലി കൊണ്ട് ഉത്തമ ബോധ്യമുളളതാണ്. നമ്മുടെ ആശയമുളളവര്‍ മാത്രം സംസാരിച്ചാല്‍ മതി എന്ന ചിന്ത ജനാധിപത്യത്തിന്റെ ആയുസ് കുറയ്ക്കുകയേ ഉളളൂ. ഇരയും വേട്ടക്കാരനുമൊക്കെ അവനവന്റെ ഇഷ്ടത്തിനനുസരിച്ച് വ്യഖ്യാനിക്കുന്നവരും വിമര്‍ശകരായി മുന്നിലുണ്ടെന്നതില്‍ ആശ്ചര്യമില്ല. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് കേരളത്തിലെ എല്ലാ കോടതികളിലും കേസുളള മനുഷ്യനെ കൂലിയെഴുത്തുകാരന്‍ എന്ന് വിളിക്കുന്നവരോട് ഒരു വാക്ക്, നിങ്ങളുടെ വിമര്‍ശനവും പുഞ്ചിരിയോടെ ഡോ.സെബാസ്റ്റ്യന്‍ പോള്‍ കേള്‍ക്കും, തീര്‍ച്ച.

DONT MISS