കളിയിക്കാവിളയില്‍ എഎസ്‌ഐയെ വധിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

കളിയിക്കാവിളയില് തമിഴ്നാട് പോലീസിലെ എഎസ്ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതികള് പിടിയില്.
 | 
കളിയിക്കാവിളയില്‍ എഎസ്‌ഐയെ വധിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്‌നാട് പോലീസിലെ എഎസ്‌ഐയെ വെടിവെച്ച് കൊലപ്പെടുത്തിയ പ്രതികള്‍ പിടിയില്‍. എഎസ്‌ഐ വില്‍സനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ട മുഹമ്മദ് ഷമീം, തൗഫീഖ് എന്നിവരാണ് പിടിയിലായത്. ഉഡുപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കര്‍ണാടക പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇജാസ് ബാഷയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ കേരളത്തിലേക്ക് രക്ഷപ്പെട്ടതായി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണം കേരളത്തിലാണ് നടന്നതെന്നും സൂചനയുണ്ട്.

കൊലയ്ക്ക് മുമ്പ് നെയ്യാറ്റിന്‍കരയില്‍ പ്രതികള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പ്രതികള്‍ ഉപയോഗിച്ച തോക്ക് മുംബൈയില്‍ നിന്നു കൊണ്ടുവന്നതാണെന്നു തമിഴ്‌നാട് ക്യൂ ബ്രാഞ്ച് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലര്‍ ഒളിവിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എസ്‌ഐ വില്‍സനെ പ്രതികള്‍ കളിയിക്കാവിളയിലെ ചെക്‌പോസ്റ്റില്‍വച്ച് വെടിവച്ചു കൊന്നത്.