എ.സി.പി സുരേഷ് ഭാര്യയെ കടന്നുപിടിച്ചു, പരാതി ഒതുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി; പരാതിയുമായി നടന്‍ കണ്ണന്‍ പട്ടാമ്പി

മുന് എം.പി. ശ്രീമതി ടീച്ചറുടെ മകന് സുധീര് വഴിയും എന്റെ ജ്യേഷ്ഠന് മേജര് രവി വഴിയും ഇയാള് സ്വാധീനം ചെലുത്താന് ശ്രമിച്ചു. കേസില് എന്റെ ഭാര്യയുടെ നിലപാടു തന്നെയാണ് എനിക്കുമുള്ളത്. അവര്ക്കൊപ്പം ഞാന് നില്ക്കും.
 | 
എ.സി.പി സുരേഷ് ഭാര്യയെ കടന്നുപിടിച്ചു, പരാതി ഒതുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി; പരാതിയുമായി നടന്‍ കണ്ണന്‍ പട്ടാമ്പി

കൊച്ചി: സി.ഐ നവാസിനെ കാണാതായ സംഭവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന എ.സി.പി സുരേഷിനെതിരെ ലൈംഗിക പീഡന പരാതി. നടനും മേജര്‍ രവിയുടെ അനുജനുമായ കണ്ണന്‍ പട്ടാമ്പിയാണ് ഗുരുതര ആരോണവുമായി രംഗത്ത് വന്നിരിക്കുന്നത്. തന്റെ ഭാര്യയെ ലൈംഗികമായി ഉപദ്രവിക്കാന്‍ സുരേഷ് ശ്രമിച്ചിരുന്നുവെന്നും പരാതി നല്‍കിയിട്ടും പരിഹാരമൊന്നും ഉണ്ടായില്ലെന്നും കണ്ണന്‍ പട്ടാമ്പി പറയുന്നു. 2017ല്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട് അധികാരികള്‍ക്ക് നിരവധി പരാതികള്‍ അയച്ചിരുന്നതായും തന്റെ സ്വാധീനം ഉപയോഗിച്ച് സുരേഷ് കേസ് ഒതുക്കിയെന്നും കണ്ണന്‍ ആരോപിച്ചു.

കണ്ണന്‍ പട്ടാമ്പിയുടെ വാക്കുകള്‍

സുരേഷ് പട്ടാമ്പി സിഐ ആയിരുന്ന സമയത്ത് ഞാനും അയാളും നല്ല സുഹൃത്തുക്കളായിരുന്നു. ജനമൈത്രി പൊലീസിനെ പല രീതിയിലും ഞാന്‍ സഹായിക്കാറുണ്ടായിരുന്നു. ഞങ്ങളുടേത് സിനിമയുമായി അടുപ്പമുള്ള കുടുംബമായതുകൊണ്ട് അവിടെ വരുന്ന ഒരു വിധം എല്ലാ പൊലീസ് ഉദ്യോഗസ്ഥരുമായും എനിക്ക് നല്ല ബന്ധമാണ്. സുരേഷ് പലപ്പോഴും വീട്ടില്‍ വരികയും ഒരുമിച്ചു മദ്യപിക്കുകയും ചെയ്യാറുണ്ടായിരുന്നു.

2016 ജൂണ്‍ ഏഴിന് ഞങ്ങളുടെ വീടിനടുത്ത് ഒരു പൊലീസുകാരന്റെ ഗൃഹപ്രവേശം ഉണ്ടായിരുന്നു. അന്നു രാത്രി സുരേഷ് വിളിച്ച്, എന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നു പറഞ്ഞു. ഞാന്‍ അപ്പോള്‍ പുറത്തായിരുന്നു. ഇയാളുടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് വീട്ടില്‍ എത്തിയപ്പോഴേക്കും അയാള്‍ പോകുകയാണ് എന്നു പറഞ്ഞ് തിടുക്കത്തില്‍ ഇറങ്ങി. വീട്ടില്‍ എന്താണു സംഭവിച്ചതെന്ന് ഭാര്യ എന്നോട് അപ്പോള്‍ പറഞ്ഞില്ല.

പക്ഷേ ആ ദിവസത്തിനു ശേഷം എന്റെ ഭാര്യ വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. മകളുടെ പിറന്നാളിന് സിഐ സുരേഷിനെ ക്ഷണിക്കാമെന്നു പറഞ്ഞപ്പോള്‍ അവര്‍ എതിര്‍ത്തു. ഒരുമിച്ച് മദ്യപിക്കുന്നതിലുള്ള നീരസമായിരിക്കും ഭാര്യയുടെ അത്തരം പ്രതികരണത്തിന് പിന്നിലെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ, ആ സംഭവത്തിനു ശേഷം സുരേഷ് എന്നെ ദ്രോഹിക്കാന്‍ തുടങ്ങി. എന്താണ് അതിനു കാരണമെന്ന് എനിക്കു മനസ്സിലായിരുന്നില്ല. 2017ലാണ് ഭാര്യ എന്നോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. അന്നു രാത്രി സുരേഷ് വീട്ടില്‍ വന്നപ്പോള്‍ വെള്ളമെടുക്കാന്‍ പോയ എന്റെ ഭാര്യയെ അയാള്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് ഭാര്യ എന്നോടു വെളിപ്പെടുത്തി.

ഭാര്യയുടെ പരാതി 2017ല്‍ തന്നെ പൊലീസ് കംപ്ലെയ്ന്റ് സെല്ലില്‍ നല്‍കി. രഹസ്യ സ്വഭാവം നിലനിര്‍ത്തിയാകും കംപ്ലെയ്ന്റ് സെല്ലിലെ പരാതികള്‍ കൈകാര്യം ചെയ്യുന്നതെന്ന് അറിഞ്ഞതുകൊണ്ടാണ് അവിടെ പരാതി നല്‍കിയത്. എന്നാല്‍ ആ പരാതിയില്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല. അതിനെത്തുടര്‍ന്ന്, ഈ വര്‍ഷം മാര്‍ച്ച് ആറിന് തൃത്താല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി രസീത് കൈപ്പറ്റി. പരാതി എസ്പിയുടെ മുന്നിലെത്തി. ആലത്തൂര്‍ ഡിവൈഎസ്പിക്ക് അന്വേഷണച്ചുമതലയും നല്‍കി. പക്ഷേ, അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായില്ല. പൊലീസുകാര്‍ ഒത്തുകളിച്ച് കേസ് ഇല്ലാതാക്കി. നീതി നടപ്പാകണം എന്ന് ആവശ്യപ്പെട്ട് ജൂണ്‍ 14ന് ഞാന്‍ ഡിജിപിയെ സമീപിച്ചു. അതോടൊപ്പം ഹൈക്കോടതിയില്‍ കേസ് കൊടുത്തു. ഡിജിപി, എസ്പി, എസ്‌ഐ എന്നിവരെയൊക്കെ കക്ഷി ചേര്‍ത്താണ് ഞാന്‍ വക്കാലത്ത് ഒപ്പിട്ടിരിക്കുന്നത്.

ഇത് സുരേഷിന്റെ സ്ഥിരം പരിപാടിയാണ്. ഇയാള്‍ കീഴുദ്യോഗസ്ഥരെ ചീത്ത പറയുന്ന ഓഡിയോ ക്ലിപ് എന്റെ കയ്യിലുണ്ട്. ഇയാള്‍ക്കെതിരെ എസ്പിക്ക് നിരവധി തവണ പരാതി പോയിട്ടുണ്ട്. സുരേഷ് പലപ്പോഴും കീഴുദ്യോഗസ്ഥരുടെ ഭാര്യമാരോട് ലൈംഗിക ഒത്താശ ചെയ്തു തരണമെന്ന് ആവശ്യപ്പെടാറുണ്ട്. മദ്യപിച്ചാല്‍ വളരെ മോശമായാണ് ഇയാള്‍ പെരുമാറുക. എറണാകുളം സിറ്റി സെന്‍ട്രല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറായിരുന്ന നവാസിന്റെ തിരോധാനം ചര്‍ച്ചയാകുന്നതിന് മുന്‍പു തന്നെ ഹൈക്കോടതിയില്‍ കേസുമായി ഞങ്ങള്‍ പോയിരുന്നു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ സ്വാധീനം ഉപയോഗിച്ചാണ് സുരേഷ് പൊലീസില്‍ ഉന്നത സ്ഥാനങ്ങളിലെത്തിയത്. നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ വരുന്നതിനു മുന്‍പ് ഇയാള്‍ കോണ്‍ഗ്രസ് യൂണിയനിലായിരുന്നു. മന്ത്രി എ.സി. മൊയ്തീന്റെ രണ്ട് അനുജന്മാരാണ് ഇയാളെ സഹായിക്കുന്നത്. അങ്ങനെയാണ് സുരേഷ് പൊലീസ് ഉന്നത സ്ഥാനങ്ങളിലെത്തിയത്.

മുന്‍ എം.പി. ശ്രീമതി ടീച്ചറുടെ മകന്‍ സുധീര്‍ വഴിയും എന്റെ ജ്യേഷ്ഠന്‍ മേജര്‍ രവി വഴിയും ഇയാള്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചു. കേസില്‍ എന്റെ ഭാര്യയുടെ നിലപാടു തന്നെയാണ് എനിക്കുമുള്ളത്. അവര്‍ക്കൊപ്പം ഞാന്‍ നില്‍ക്കും.

(അഭിമുഖത്തിന് കടപ്പാട്: മനോരമ ന്യൂസ്)