‘നിര്‍ബന്ധിക്കരുത്, മത്സരിക്കാനില്ല’; ബിജെപി കേന്ദ്ര നേതൃത്വത്തോട് കണ്ണന്താനം

നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കാനില്ലെന്നും നിര്ബന്ധിക്കരുതെന്നും അല്ഫോന്സ് കണ്ണന്താനം.
 | 
‘നിര്‍ബന്ധിക്കരുത്, മത്സരിക്കാനില്ല’; ബിജെപി കേന്ദ്ര നേതൃത്വത്തോട് കണ്ണന്താനം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും നിര്‍ബന്ധിക്കരുതെന്നും അല്‍ഫോന്‍സ് കണ്ണന്താനം. ബിജെപി കേന്ദ്ര നേതൃത്വത്തെയാണ് കണ്ണന്താനം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വന്തം മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ പോലും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ കണ്ണന്താനം. തെരഞ്ഞെടുപ്പുകളിലെ മുന്‍ അനുഭവങ്ങള്‍ മുന്‍നിര്‍ത്തി ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി.നദ്ദയെ നേരിട്ട് സമീപിച്ചിരിക്കുകയാണ് കണ്ണന്താനം എന്നാണ് വിവരം.

പാര്‍ട്ടിയില്‍ സംസ്ഥാനത്തെ എല്ലാ പ്രമുഖരും മത്സരിക്കണമെന്നാണ് കേന്ദ്രനേതൃത്വം നിലപാടെടുത്തിരിക്കുന്നത്. ന്യൂനപക്ഷ പ്രതിനിധിയായ അല്‍ഫോന്‍സ് കണ്ണന്താനം മത്സരിക്കണമെന്ന് അതുകൊണ്ടുതന്നെ കേന്ദ്രനേതൃത്വം നിര്‍ദേശിച്ചിരുന്നു. സംസ്ഥാന നേതൃത്വവും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് മത്സരിച്ച തനിക്ക് പാര്‍ട്ടി ഘടകങ്ങളില്‍ നിന്ന് കാര്യമായ സഹായങ്ങള്‍ ലഭിച്ചില്ലെന്ന് കണ്ണന്താനത്തിന് പരാതിയുണ്ട്. പത്തനംതിട്ട, ഇടുക്കി, ചാലക്കുടി എന്നിവയില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യമെങ്കിലും അവസാനം എറണാകുളമാണ് അനുവദിച്ചത്.