കേരള അതിര്‍ത്തിയില്‍ റോഡില്‍ മണ്‍കൂനയിട്ട് അടച്ച് കര്‍ണാടക; തുറക്കില്ലെന്ന് അറിയിപ്പ്, ചരക്കുനീക്കം നിലച്ചു

കേരള അതിര്ത്തിയില് വഴിയില് മണ്കൂനയുണ്ടാക്കി കര്ണാടകം.
 | 
കേരള അതിര്‍ത്തിയില്‍ റോഡില്‍ മണ്‍കൂനയിട്ട് അടച്ച് കര്‍ണാടക; തുറക്കില്ലെന്ന് അറിയിപ്പ്, ചരക്കുനീക്കം നിലച്ചു

കണ്ണൂര്‍: കേരള അതിര്‍ത്തിയില്‍ വഴിയില്‍ മണ്‍കൂനയുണ്ടാക്കി കര്‍ണാടകം. കേരളത്തിലേക്കുള്ള യാത്ര വിലക്കിക്കൊണ്ടാണ് നടപടി. അതിര്‍ത്തി തുറക്കില്ലെന്നും കര്‍ണാടക വ്യക്തമാക്കി. കണ്ണൂര്‍ മാക്കൂട്ടത്താണ് റോഡില്‍ മണ്‍കൂനയുണ്ടാക്കിയിരിക്കുന്നത്. ചരക്കു വാഹനങ്ങള്‍ക്ക് കേരളത്തിലേക്ക് പ്രവേശിക്കാനുള്ള മാര്‍ഗ്ഗം അടഞ്ഞതോടെ നിരവധി വാഹനങ്ങളാണ് ചെക്ക് പോസ്റ്റില്‍ കുടുങ്ങിക്കിടക്കുന്നത്.

അവശ്യ സാധനങ്ങള്‍ കൊണ്ടുവരുന്നതിനായി പാസുമായി അതിര്‍ത്തി കടന്നു പോയ വാഹനങ്ങളാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. പല വാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ കര്‍ണാടക പോലീസ് മോശമായി പെരുമാറിയെന്നും മര്‍ദ്ദിച്ചുവെന്നും പരാതിപ്പെട്ടു. കേരളത്തിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കുന്നതിന് നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

കര്‍ണാടകത്തിന്റേത് പ്രാകൃതമായ രീതിയാണെന്നും കാലഘട്ടത്തിന് അനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്നും മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. രണ്ട് ദിവസമായി തുടരുന്ന പ്രശ്‌നത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും വ്യക്തമാക്കി.