പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി കവളപ്പാറയിലെ നിസ്‌കാരപ്പള്ളി തുറന്നുകൊടുത്തു; ഒറ്റക്കെട്ടായി കേരളം മുന്നോട്ട്

സാധാരണഗതിയില് പള്ളിക്കുള്ളില് മൃതദേഹങ്ങള് കയറ്റാറില്ല. എന്നാല് പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇതിന് അനുവാദം നല്കിയതെന്ന് കമ്മറ്റി അറിയിച്ചു.
 | 
പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി കവളപ്പാറയിലെ നിസ്‌കാരപ്പള്ളി തുറന്നുകൊടുത്തു; ഒറ്റക്കെട്ടായി കേരളം മുന്നോട്ട്

നിലമ്പൂര്‍: പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി കവളപ്പാറയിലെ നിസ്‌കാരപ്പള്ളി തുറന്നുകൊടുത്തു. കവളപ്പാറയിലെ ദുരന്ത മുഖത്ത് നിന്ന് കണ്ടെത്തുന്ന മൃതദേഹങ്ങള്‍ ദ്രുതഗതിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനയക്കാന്‍ കഴിയാതിരുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതോടെയാണ് പള്ളിക്കമ്മറ്റി നിസ്‌കാര സ്ഥലം പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്‍കിയത്. സാധാരണഗതിയില്‍ പള്ളിക്കുള്ളില്‍ മൃതദേഹങ്ങള്‍ കയറ്റാറില്ല. എന്നാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇതിന് അനുവാദം നല്‍കിയതെന്ന് കമ്മറ്റി അറിയിച്ചു.

അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ 45 കിലോമീറ്റര്‍ ദൂരത്തുള്ള നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത് ഏറെ ശ്രമകരമായ ജോലിയാണ്. മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് 60 കിലോമീറ്ററോളം ദൂരമുണ്ട്. അതിനാല്‍ പള്ളി തുറന്നുകിട്ടിയത് ഗുണകരമായെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. സമീപത്തെ സ്‌കൂളുകള്‍, പൊതുഹാളുകള്‍ തുടങ്ങിയവയെല്ലാം ഇപ്പോള്‍ ദുരിതാശ്വാസ ക്യംപുകള്‍ പ്രവര്‍ത്തിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായുള്ള സ്ഥല സൗകര്യവുമില്ല.

ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പള്ളിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ഡോക്ടര്‍ പറഞ്ഞു. നാല് ദിവസം കൊണ്ട് 7 മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്മോര്‍ട്ടം ചെയ്തത്. 24 പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയിലെ ദുരന്തം നടന്ന സ്ഥലത്ത് നിന്ന് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. 30ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെ കുറച്ചു സമയം മാത്രമാണ് കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം നടന്നത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സ്ഥലത്ത് വീണ്ടും ഉരുള്‍പൊട്ടിയേക്കാമെന്ന് മുന്നറിയിപ്പുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് രക്ഷാപ്രവര്‍ത്തകരെ ദുരന്തമുഖത്ത് നിന്ന് മാറ്റിയിരിക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ നിര്‍ത്തി രക്ഷാപ്രവര്‍ത്തകരെ എല്ലാം പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനായി സ്വകാര്യ ഏജന്‍സികളെ കവളപ്പാറയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.