കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു; ജോണി നെല്ലൂര്‍ വിഭാഗം ജോസഫ് ഗ്രൂപ്പിലേക്ക്

കേരള കോണ്ഗ്രസ് ജേക്കബ് വിഭാഗം പിളര്ന്നു.
 | 
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു; ജോണി നെല്ലൂര്‍ വിഭാഗം ജോസഫ് ഗ്രൂപ്പിലേക്ക്

കൊച്ചി: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍ ലയിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കങ്ങളിലാണ് പാര്‍ട്ടി പിളര്‍ന്നത്. ലയനത്തിനില്ലെന്ന് അനൂപ് ജേക്കബിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് നിലപാടെടുത്തു. അതേസമയം ജോസഫ് ഗ്രൂപ്പില്‍ ലയിക്കാനാണ് ജോണി നെല്ലൂര്‍ വിഭാഗത്തിന്റെ തീരുമാനം. ഇരു നേതാക്കളുടെയും നേതൃത്വത്തില്‍ പ്രത്യേകം യോഗങ്ങള്‍ ഇന്ന് വിളിച്ച് ചേര്‍ത്തിരുന്നു. സംസ്ഥാന കമ്മിറ്റിയാണ് വിളിച്ചു ചേര്‍ത്തതെന്നാണ് ഇരു നേതാക്കളും അവകാശപ്പെട്ടത്.

ജോണി നെല്ലൂര്‍ ഗ്രൂപ്പിന്റെ യോഗത്തില്‍ ലയനക്കാര്യത്തിലുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് കരുതുന്നത്. ലയനത്തിനായുള്ള പി.ജെ.ജോസഫിന്റെ ക്ഷണം നിരസിക്കില്ലെന്ന് ജോണി നെല്ലൂര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ജോണി നെല്ലൂര്‍ ജോസഫുമായി നേരത്തേ തന്നെ ധാരണയില്‍ എത്തിയിരുന്നുവെന്നാണ് വിവരം. സാങ്കേതിക നടപടി ക്രമത്തിന്റെ ഭാഗമായാണ് ഉന്നതാധികാര സമിതിയും സംസ്ഥാന കമ്മിറ്റിയും ചേരുന്നത്. നിയമ നടപടികളുണ്ടായാല്‍ അതിനെ പ്രതിരോധിക്കുക കൂടിയാണ് ലക്ഷ്യം.

പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് അനൂപ് ജേക്കബ് വിഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്തിരിക്കുന്നത്. പാര്‍ട്ടി ലീഡര്‍ പദവിയാണ് അനൂപിനുള്ളത്. ജോണി നെല്ലൂര്‍ പാര്‍ട്ടി ചെയര്‍മാനും. പാര്‍ട്ടി ഭരണഘടന പ്രകാരം ചെയര്‍മാനും ലീഡര്‍ക്കും തുല്യ അധികാരമാണുള്ളത്. പാര്‍ട്ടി ലീഡറുടെ അനുമതിയോടു കൂടി ചെയര്‍മാന്‍ പ്രവര്‍ത്തിക്കണം എന്നും ഭരണഘടനയിലുണ്ട്. ഇത് യുഡിഎഫിനായിരിക്കും തലവേദന സൃഷ്ടിക്കുക.