പി സി ജോർജിന്റെ സസ്‌പെൻഷൻ ശരിവച്ചു

പി.സി ജോർജിന്റെ സസ്പെൻഷൻ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ശരിവച്ചു. വൈസ് ചെയർമാൻ സ്ഥാനത്തു നിന്നും പാർട്ടി കമ്മിറ്റികളിൽ നിന്നുമാണ് സസ്പെൻഷൻ.
 | 
പി സി ജോർജിന്റെ സസ്‌പെൻഷൻ ശരിവച്ചു

 

തിരുവനന്തപുരം: പി.സി ജോർജിന്റെ സസ്‌പെൻഷൻ കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മിറ്റി ശരിവച്ചു. വൈസ് ചെയർമാൻ സ്ഥാനത്തു നിന്നും പാർട്ടി കമ്മിറ്റികളിൽ നിന്നുമാണ് സസ്‌പെൻഷൻ. ജോർജിനെതിരേ തൽക്കാലം കൂടുതൽ നടപടിയുണ്ടാകില്ലെന്നാണ് സൂചന. സസ്‌പെൻഷൻ തുടരട്ടേയെന്നാണ് കമ്മിറ്റി തീരുമാനം. കൂടുതൽ നടപടികൾ വേണമോ എന്ന് പരിശോധിക്കാൻ മൂന്നംഗ സമിതിയേയും ചുമതലപ്പെടുത്തി. പി.സി ജോർജിന്റെ മുന്നണി വിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകളും ശേഖരിക്കും. തോമസ് ഉണ്ണിയാടൻ, ആന്റണി രാജു, ജോയ് എബ്രഹാം എംപി എന്നിവരാണ് സമിതിയിലുള്ളത്.

പി.സി ജോർജിനെ അയോഗ്യനാക്കി പാർട്ടിയിൽ നിന്നും പുറത്താക്കാൻ കേരള കോൺഗ്രസ്(എം)ൽ നീക്കം നടക്കുന്നുണ്ട്. പി.സി ജോർജിനെതിരെ സ്പീക്കർക്ക് പരാതി നൽകാൻ പാർട്ടിയിലെ ഒരു വിഭാഗം തീരുമാനിച്ചതായും റിപ്പോർട്ടുണ്ട്. അരുവിക്കരയിൽ സ്ഥാനാർത്ഥിയെ നിർത്തിയത് കൂറുമാറ്റമായി കണക്കാക്കും. 1989ൽ ബാലകൃഷ്ണപിള്ളയെ പുറത്താക്കിയതിന് സമാനമായ നീക്കമാണ് കേരള കോൺഗ്രസിൽ നടക്കുന്നത്.

അതേസമയം തനിക്കെതിരെ കുതന്ത്രം തുടർന്നാൽ രാജിവെയ്ക്കാൻ മടിയില്ലെന്ന് പി.സി ജോർജ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. വിപ്പ് ലംഘിച്ചാലല്ലാതെ തന്നെ പുറത്താൻ പറ്റില്ല. പിള്ളയുടെ കാലത്തെ നിയമം മാറി. സ്പീക്കറുടെ തീരുമാനം തനിക്കെതിരാകുമെന്ന് കരുതുന്നില്ല. തനിക്കെതിരെയുള്ള ഏത് നടപടിയും നിയമപരമായി നേരിടുമെന്നും പി.സി ജോർജ് പറഞ്ഞു.