പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാള്‍

നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് നാള് മാത്രം ശേഷിക്കെ പ്രചാരണം അവസാനഘട്ടത്തിലേക്ക്. ഇരുമുന്നണികള്ക്ക് പുറമേ ബിജെപി നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയും സജീവമായി പ്രചാരണത്തിലുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് മൂന്ന് മുന്നണികളും കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. യുഡിഎഫിനും എല്ഡിഎഫിനും വേണ്ടി പതിവ് നേതാക്കള് പ്രചാരണത്തിന് നേതൃത്വം കൊടുക്കുമ്പോള് എന്ഡിഎയ്ക്കുവേണ്ടി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയടക്കമുള്ളവര് കേരളത്തിലെത്തിയിട്ടുണ്ട്.
 | 
പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; തിരഞ്ഞെടുപ്പിന് ഇനി രണ്ട് നാള്‍

 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് രണ്ട് നാള്‍ മാത്രം ശേഷിക്കെ പ്രചാരണം അവസാനഘട്ടത്തിലേക്ക്. ഇരുമുന്നണികള്‍ക്ക് പുറമേ ബിജെപി നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയും സജീവമായി പ്രചാരണത്തിലുണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് മൂന്ന് മുന്നണികളും കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. യുഡിഎഫിനും എല്‍ഡിഎഫിനും വേണ്ടി പതിവ് നേതാക്കള്‍ പ്രചാരണത്തിന് നേതൃത്വം കൊടുക്കുമ്പോള്‍ എന്‍ഡിഎയ്ക്കുവേണ്ടി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയടക്കമുള്ളവര്‍ കേരളത്തിലെത്തിയിട്ടുണ്ട്.

ഇത്തവണ നിയമസഭയില്‍ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയില്‍ സുരേഷ് ഗോപി എംപിയടക്കമുള്ളവരുടെ നേതൃത്വത്തില്‍ ശക്തമായ പ്രചാരണമാണ് നടന്നുവരുന്നത്. സോളാര്‍ കേസും നിരവധി അഴിമതിയാരോപണങ്ങളും കൊണ്ട് പ്രതിസന്ധിയിലായ യുഡിഎഫ് കൊച്ചി മെട്രോ റെയില്‍ അടക്കമുള്ള വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജനവിധി തേടുന്നത്. ഇടതുപക്ഷം പതിവുപോലെ വിഎസ് അച്യുതാനന്ദനെ മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

പ്രചാരണത്തിന് നവമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ്ആപ്പ് പോലുളളവ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച തെരഞ്ഞെടുപ്പും ഇത്തവണത്തേതാണ്. 93കാരനായ വിഎസ് അച്യുതാനന്ദന്‍ പോലും സാമൂഹ്യമാധ്യമങ്ങള്‍ വളരെ ഫലപ്രദമായാണ് പ്രചാരണത്തിന് ഉപയോഗിച്ചത്. കേരളത്തിന്റെ മുന്‍കാല ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായി സിനിമാതാരങ്ങളും ക്രിക്കറ്റ് താരവുമൊക്കെ മത്സരിക്കാനിറങ്ങിയ തെരഞ്ഞെടുപ്പും ഈ വര്‍ഷത്തേതാണ്.

ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും കേരളത്തിന്റെ ചരിത്രം വെച്ച് എല്‍ഡിഎഫ് അധികാരത്തിലെത്തിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അതേസമയം ഒന്ന് മുതല്‍ 5 വരെ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ.

രാഷ്ട്രീയ സമവാക്യങ്ങള്‍ ഏറെ മാറിമറിഞ്ഞ ഈ തെരഞ്ഞെടുപ്പില്‍ ഈഴവരുടെ വലിയൊരു വിഭാഗത്തെ പ്രതിനിധീകരിക്കുന്ന വെള്ളാപ്പളളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ കേരളരാഷ്ട്രീയത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പ് വഴിവെയ്ക്കുമെന്ന് കരുതുന്നവരുമുണ്ട്.

ഇന്ന് വൈകിട്ട് ആറു വരെയാണ് പരസ്യപ്രചാരണത്തിന് അനുവദിച്ചിട്ടുള്ള സമയം. തിങ്കളാഴ്ചയാണ് കേരളം പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. 19നാണ് വോട്ടെണ്ണല്‍.